

വിവാഹശേഷം സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ബോളിവുഡ് നടി പൂജ ബേദി. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് താൻ അഭിനയം ഉപേക്ഷിച്ചതെന്നും 32-ാം വയസ്സിൽ ജീവനാംശം പോലും ലഭിക്കാതെ വിവാഹമോചനം നേടിയതായും ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ പൂജ പറഞ്ഞു.
"ഭർത്താവിന്റെ കുടുംബം പിന്തുടരുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ട് തനിക്കും ഭർത്താവിനും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് വിവാഹശേഷം ബോളിവുഡിൽ സജീവമല്ലാതിരുന്നത്. മുൻ ഭർത്താവ് ഫർഹാൻ ഒരു യാഥാസ്ഥിതിക മത കുടുംബത്തിലെ അംഗമാണ്. മരുമകൾ ഒരു 'സെക്സി നടി'യാകുന്നത് അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല." - നടി കൂട്ടിച്ചേർത്തു.
"ഒരുപാട് തർക്കങ്ങൾ ഉണ്ടായിരുന്നു. തുടക്കത്തിൽ, ഞങ്ങൾ ഒരുമിക്കുന്നതിൽ കുടുംബങ്ങൾക്ക് താൽപ്പര്യമില്ലായിരുന്നു. കുടുംബജീവിതം സംഘർഷങ്ങൾ നിറഞ്ഞതായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അതിനാൽ ഞാൻ സിനിമകൾ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. എതിര്‍പ്പുകളെല്ലാം മറികടന്ന് നടന്ന വിവാഹ ജീവിതം ഒന്‍പതുവര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. വിവാഹമോചനം കഠിനമായിരുന്നു." -നടി പറഞ്ഞു.
"എനിക്ക് ഏകദേശം 27 വയസ്സുള്ളപ്പോള്‍ ആദ്യത്തെ ദുരന്തമുണ്ടായി. എന്റെ മുത്തശ്ശി ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. എന്റെ നായ ചത്തു. ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ എന്നെ വളര്‍ത്തിയ ആളും മരണപ്പെട്ടു. എന്റെ അമ്മ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ചു. സഹോദരന്‍ ആത്മഹത്യ ചെയ്തു. ഇതിനിടയില്‍ എന്റെ വിവാഹബന്ധം തകര്‍ന്നു. അപ്പോള്‍ എനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു. ഒടുവില്‍ ജീവനാംശമൊന്നും ലഭിക്കാതെ വിവാഹമോചനവും കഴിഞ്ഞു. അന്ന് എനിക്ക് 32 വയസ്സായിരുന്നു, ഞാന്‍ ആകെ ഭയന്നുപോയിരുന്നു." - പൂജാ ബേദി പറഞ്ഞു.