
പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ‘ഡ്യൂഡി’ലെ പുതിയ ഗാനം പുറത്ത്. ‘എൻ കണ്ണുക്കുള്ളേ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ആദേശ് കൃഷ്ണയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. ജൊനിറ്റ ഗാന്ധിയും സായ് അഭ്യങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം തന്നെ വലിയ ജനശ്രദ്ധയാണ് ഗാനത്തിന് ലഭിക്കുന്നത്. ‘പാട്ട് കേട്ട് അലിഞ്ഞുപോയി’ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘നല്ല പാട്ട്’, ‘വേറെ ലെവൽ’, ‘ഓസം’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. സായ് സംഗീതം നൽകിയ ‘ബൾട്ടി’ സിനിമയിലെ ‘ജാലക്കാരി’ എന്ന ഗാനത്തിന്റെ വൈബ് തോന്നുന്നെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ജൊനിറ്റയുടെ ആലാപനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ വലിയ വിമർശനങ്ങൾ നേരിട്ട ‘ഊരും ബ്ലഡ്’ എന്ന ഗാനം നിലവിൽ നാല് കോടി കാഴ്ചക്കാരെയാണ് യുട്യൂബിൽ സ്വന്തമാക്കിയത്. സായ് അഭ്യങ്കർ സംഗീതമൊരുക്കിയ ഈ ഗാനം സായിയും ദീപ്തി സുരേഷും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രദീപ് രംഗനാഥൻ ആലപിച്ച ‘സിങ്കാരി’ എന്ന ഗാനത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. 87 ലക്ഷം കാഴ്ചക്കാരെയാണ് ഗാനം യുട്യൂബിൽ സ്വന്തമാക്കിയത്.