
സൂപ്പർ ഡാൻസ് പെർഫോമൻസുമായി ആരാധകരെ ഞെട്ടിച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ. വിജയ്യും രാഘവ ലോറൻസും തകർത്താടിയ ‘തിരുമലൈ’ എന്ന സിനിമയിലെ ‘താം തക്ക’ എന്ന പാട്ടിനാണ് ശിവാങ്കി ചുവടുവയ്ക്കുന്നത്.
കുഞ്ഞുനാളിൽ ഈ ഡാൻസ് കണ്ടതുമുതൽ ഇതുപോലെ ഡാൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് ശിവാങ്കി വിഡിയോയ്ക്കൊപ്പം കുറിച്ചു. "എന്റെ കുട്ടിക്കാലത്ത് സൺമ്യൂസിക്കിൽ ഈ പാട്ട് വരാൻ ഞാൻ കാത്തിരിക്കുമായിരുന്നു. ദളപതിയുടെയും ലോറൻസിന്റെയും നൃത്തം കണ്ട് അത്ഭുതപ്പെടുമായിരുന്നു. ഈ നൃത്തച്ചുവടുകൾ ഒന്ന് പരീക്ഷിച്ചു നോക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് എന്റെ എളിയ ശ്രമമാണ്." – വിഡിയോയ്ക്കൊപ്പം ശിവാങ്കി കുറിച്ചു.
സിനിമയിലെ ഗാനത്തിൽ ദളപതി വിജയ്യുടെ കോസ്റ്റ്യൂമിന് സമാനമായ ഡ്രസ്സാണ് ശിവാങ്കിയും ധരിച്ചിരിക്കുന്നത്. ഡാൻസ് കൊറിയോഗ്രാഫറായ ശക്തിവേലാണ് ശിവാങ്കിയെ സ്റ്റെപ്പുകൾ പഠിപ്പിച്ചത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലീകരിക്കാൻ സഹായിച്ചതിന് ശക്തിവേലിനോടുള്ള നന്ദിയും ശിവാങ്കി അറിയിച്ചു.
സെലിബ്രിട്ടികളടക്കം നിരവധി ആരാധകരാണ് ശിവാങ്കിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ‘റോക്കിങ്’, ‘സൂപ്പർ’, ‘വേറെ ലെവൽ’ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. ഡാൻസ് പഠിക്കാൻ ശിവാങ്കി കാണിക്കുന്ന ഉത്സാഹത്തെയും ആരാധകർ അഭിനന്ദിക്കുന്നു. മനോഹരമായി ഡാൻസ് ചെയ്യുന്ന വിഡിയോ മുൻപും ശിവാങ്കി പങ്കുവച്ചിട്ടുണ്ട്.
ഗായകരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി കൃഷ്ണകുമർ. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാങ്കി പ്രശസ്തയാകുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. ‘ഡോൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.