

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന മലയാള ചിത്രത്തിലൂടെയാണ് നയന്‍താര സിനിമ മേഖലയിൽ തുടക്കം കുറിച്ചത്. അവിടെ നിന്ന് തെന്നിന്ത്യയിലെ താരറാണിയായി നയന്‍താര ഉയര്‍ന്നതിന് പിന്നില്‍ കഠിനാധ്വാനവും പരിശ്രമവും ധാരാളമുണ്ട്.
ആരാധകരും പ്രേക്ഷകരും ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന നയൻതാര, കാലാതീതമായ സൗന്ദര്യവും ആകർഷണീയതയും കൊണ്ട് ഇപ്പോഴും ഏവരെയും അത്ഭുതപ്പെടുത്തുന്നു. ആരോഗ്യമുള്ള മുടിയും തിളങ്ങുന്ന ചർമ്മവുമാണ് നയൻസിന്റെ തിളക്കമുള്ള രൂപത്തിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങൾ.
നയൻതാരയുടെ സ്കിൻകെയർ ബ്രാൻഡായ 9Skin പങ്കിട്ട ഒരു വീഡിയോയിൽ, തന്റെ ചർമ്മത്തെയും മുടിയെയും ആരോഗ്യത്തോടെ നിലനിർത്താൻ സ്വീകരിക്കുന്ന ശീലം എന്താണെന്ന് നയൻതാര വെളിപ്പെടുത്തി.
വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളും സീസണല്‍ പഴങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. താന്‍ അതാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും താരം പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. ഇത് നമ്മുടെ ചര്‍മത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണശീലത്തിന് പുറമെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവും താരം ചൂണ്ടിക്കാണിക്കുന്നു. സമീകൃതാഹാരമാണ് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതത്തിന്റെ താക്കോൽ എന്ന് നടി പറയുന്നു.
"പോഷകാഹാരപ്രദവും രുചികരവുമായ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം എനിക്ക് ഇഷ്ടമാണ്. ഞാൻ സന്തോഷത്തോടെയും കുറ്റബോധമില്ലാതെയും കഴിക്കുന്നു. ജങ്ക് ഫുഡിനോടുള്ള ആസക്തിയില്ല. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു." നയന്‍താര പറയുന്നു.