
ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി അഭിനയരംഗത്തേക്കെന്ന് സൂചന. ആർ. മാധവൻ അഭിനയിക്കുന്ന വാസൻ ബാലയുടെ ‘ദി ചേസി’ൽ ധോണി ഒരു ക്രൂരനായ ടാസ്‌ക് ഫോഴ്‌സ് ഓഫിസറുടെ വേഷത്തിലെത്തുന്നതായി നിർമാതാക്കൾ പങ്കിട്ട ഒരു ടീസർ സൂചിപ്പിക്കുന്നു. ഇതോടെ, വരാനിരിക്കുന്ന പ്രോജക്റ്റ് ക്രിക്കറ്റ് കളിക്കാരന്റെ അഭിനയ അരങ്ങേറ്റത്തെ അടയാളപ്പെടുത്തുമെന്ന റിപ്പോർട്ടുകളും വന്നുതുടങ്ങി.
ടീസറിൽ ‘വന്യവും സ്‌ഫോടനാത്മകവുമായ വേട്ട’ എന്ന് വിശേഷിപ്പിക്കുന്ന ഒരു ദൗത്യത്തിൽ മാധവനെയും ധോണിയെയും രണ്ട് പോരാളികളുടെ വേഷത്തിൽ കാണാൻ കഴിയും. "ഒരു ദൗത്യം. രണ്ട് പോരാളികൾ. കൊളുത്ത് മുറുക്കിയിരിക്കുന്നു. ഒരു വന്യമായ, സ്‌ഫോടനാത്മകമായ വേട്ട ആരംഭിക്കുന്നു. ദി ചേസ് ടീസർ ഇതാ പുറത്തിറങ്ങി. സംവിധാനം വാസൻ ബാല. ഉടൻ വരുന്നു." - മാധവൻ ഇൻസ്റ്റാഗ്രാമിൽ ടീസറിനൊപ്പം കുറിച്ചു.
എന്നാൽ, വരാനിരിക്കുന്ന ‘കോമ്പോ’യെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തി. ചിലർ ഇത് സിനിമയാണോ അതോ പരസ്യമാണോ എന്ന ആശയക്കുഴപ്പത്തിലാണ്. നിരവധി വൈവിധ്യമാർന്ന ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ഇതിനകം ധോണി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.