
വിഷ്‍ണു മഞ്ചു നായകനായെത്തിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ മികച്ച താരനിരയുമായി എത്തിയ ചിത്രമായിരുന്നു ഇത്. തിയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ചിത്രം ഒടിടിയിലേക്കും എത്തുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ചിത്രം ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മോഹൻലാല്‍, കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് പ്രമേയമായിരിക്കുന്നത്.
മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ഇന്ത്യൻ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മിത്തോളജിക്കൽ ഫാന്‍റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.
അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് ‘കണ്ണപ്പ’യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ് എന്നിവരാണ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയത്.