
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഹൃദയപൂർവ്വം' എന്ന ചിത്രം ഓണം റിലീസായാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം നിറഞ്ഞ സദസിൽ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ചിത്രം 50 കോടി ക്ലബിൽ ഇടം നേടി. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറാണ് ഹൃദയപൂർവ്വം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ആശീർവാദ് സിനിമാസ് ബാനറിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാർ തന്നെ സ്വന്തമാക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഒടിടി റിലീസ് നേരത്തെയുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഹൃദയപൂർവ്വം സെപ്റ്റംബർ 26-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുമെന്നാണ് ഒടിടി പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് 28-ാം തീയതിയാണ് ഹൃദയപൂർവ്വം തിയേറ്ററുകളിൽ എത്തിയത്.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെ ഹൃദയപൂർവ്വം തിയറ്ററുകളിലേക്കെത്തിയത്. എമ്പുരാൻ പോലെ മാസ് ആക്ഷൻ ചിത്രത്തിനും തുടരും എന്ന ആക്ഷൻ ഡ്രാമ സിനിമയ്ക്ക് ശേഷം മോഹൻലാൽ തൻ്റെ ആരാധകർക്ക് സമ്മാനിച്ച ഫീൽ ഗുഡ് ലൈറ്റ് ഹാർട്ട് ചിത്രമാണ് ഹൃദയപൂർവ്വം. അഖിൽ സത്യൻ്റെ കഥയ്ക്ക് സോനു ടിപിയാണ് ഹൃദയപൂർവ്വത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ മാളവിക മോഹനൻ, സംഗീത പ്രതാപ്, സംഗീത മാധവൻ നായർ, സിദ്ധിഖ്, ലാലു അലക്സ്, ജനാർദനൻ, ബാബുരാജ്, നിഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അനു മൂത്തേടത്താണ് ഹൃദയപൂർവ്വത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം സംവിധായകൻ, കെ രാജഗോപാലാണ് എഡിറ്റർ.