Mohanlal's biopic 'Mukharagam' to release on December 25, 2025
'മുഖരാഗം' എന്ന പേരിൽ മോഹൻലാലിന്‍റെ ജീവചരിത്രം എത്തുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഭാനുപ്രകാശാണ് പുസ്തകം തയ്യാറാക്കിയത്. പിറന്നാൾ ദിനത്തിൽ ഏറെ സന്തോഷത്തോടെയാണ് മോഹൻലാൽ മുഖരാഗത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്.
ലാലിൻറെ അഭിനയവും ജീവിതവും കോർത്തിണക്കിയ പുസ്‌തകത്തിന് 1000 പേജുകളാണ് ഉള്ളത്. അഭിനയ ജീവിതത്തിന്‍റെ 47 വർഷങ്ങൾ പൂർത്തിയാകുന്ന 2025 ഡിസംബർ 25 ന് പുസ്‌തകം പ്രകാശനം ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. എംടി വാസുദേവൻ നായരാണ് പുസ്‌തകത്തിന് അവതാരിക എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
ലാലിൻറെ അഭിനയജീവിതത്തിന്‍റെ ഇരുപത്തിയഞ്ചാം വർഷത്തിൽ 'ബാലേട്ടൻ' സിനിമയുടെ ഒറ്റപ്പാലത്തെ ലൊക്കേഷനിൽ വച്ചാണ് ജീവചരിത്രം എഴുതുന്ന കാര്യം ഭാനുപ്രകാശ് ലാലിനോട് ആദ്യമായി അവതരിപ്പിച്ചത്. 'വേണ്ട ഭാനു' എന്നായിരുന്നു മറുപടി. എന്നാൽ വർഷങ്ങൾക്കുശേഷം മറ്റൊരവസരത്തിൽ ലാൽ ഇതിന് സമ്മതം മൂളുകയായിരുന്നു.
എട്ടുവർഷമെടുത്ത്, ഇരുനൂറിലധികം പേരെ കണ്ട് സംസാരിച്ച്, ജീവചരിത്രത്തിന്‍റെ മുന്നോടിയായി ഭാനുപ്രകാശ് ലാലിന്‍റെ രണ്ടു പുസ്‌തകങ്ങൾ തയ്യാറാക്കി, ഗുരുമുഖങ്ങളും ഭാവദശരഥവും. അടുത്തത് സമഗ്രമാണ്, മുഖരാഗത്തിന് ഇനി ചെറിയ കാത്തിരിപ്പ് മാത്രമേ ഉള്ളൂ.