
മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാൾ ആശംസ അറിയിച്ച് മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേരാണ് ആശംസ അറിയിച്ച് പോസ്റ്റിന് കമന്‍റുകളിടുന്നത്. പ്രണവിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.
"എന്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍. നിന്നെപ്പോലെ സ്‌പെഷ്യല്‍ ആയിരിക്കട്ടെ നിനക്ക് ഈ ദിവസവും. ഒരുപാട് സ്‌നേഹത്തോടെ അച്ഛന്‍" എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
'കാണാൻ ആഗ്രഹിച്ച ചിത്രം', 'രാജാവിന്‍റെ മകന് പിറന്നാൾ ആശംസകൾ', 'ലോകം കറങ്ങുന്ന മകനെ അങ്ങോട്ട് പോയി കണ്ട ലാലേട്ടനാണ് എന്‍റെ ഹീറോ', 'ഫോട്ടോ എങ്ങനെ ഒപ്പിച്ചു ലാലേട്ടാ' എന്നിങ്ങനെയുള്ള രസകരമായ കമന്‍റുകളാണ് ആരാധകർ പങ്കുവെക്കുന്നത്.
പിറന്നാളിനോടനുബന്ധിച്ച് പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റർ പുറത്തു വിട്ടു. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലറുകള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ പ്രണവിന് പിറന്നാൾ ആശംസകളും അറിയിച്ചു.