

തിയേറ്ററുകളിൽ പരാജയമായ ഒരു സിനിമ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുക എന്നതെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അങ്ങനെയൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആ സ്വീകാര്യതയ്ക്ക്, പ്രേക്ഷകർ നൽകിയ വിജയത്തിന് നന്ദി പറയുകയാണ് മോഹൻലാൽ.
'നീണ്ട 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങൾ നൽകിയ വരവേൽപ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം നൽകിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ,' എന്ന് മോഹൻലാൽ പറഞ്ഞു.