
ആഗോളതലത്തിൽ ഏറെ ശ്രദ്ധ നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിൽ വിവിധ ഭാഷയിലുള്ള റിയാലിറ്റി ഷോ മലയാളത്തിലും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതുവരെ ആറ് സീസണുകളിലായി മലയാളത്തിൽ ബിഗ് ബോസ് ചിത്രീകരിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിൻ്റെ ഏഴാമത്തെ സീസൺ ആഗസ്റ്റ് മൂന്നാം തീയതി ആരംഭിച്ചിരുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലാണ് റിയാലിറ്റി ഷോയുടെ അവതാരകൻ. വിവിധ മേഖലയിൽ നിന്നുള്ള 18 പേരെ ഒരു വീടിനുള്ളിലേക്ക് എത്തിച്ച് അവരിൽ ആര് 100 ദിവസം അവിടെ താമസിക്കും? ആര് കപ്പ് നേടും? എന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രധാനഘടകം.
ബിഗ് ബോസ് ഹൗസിലെത്തുന്ന ഓരോരുത്തർക്കും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ആ ലക്ഷ്യത്തിലേക്ക് എത്താനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചപ്പോള്‍ മുതല്‍ മത്സരാര്‍ത്ഥിയായ അനീഷിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഹൗസിലുള്ളവരുമായി അനീഷ് എപ്പോഴും തര്‍ക്കത്തിലാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച മോഹന്‍ലാല്‍ വന്നപ്പോൾ അനീഷിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് ഷാനവാസ് ആണെന്ന് പറഞ്ഞിരുന്നു. അത് സത്യമാണെന്ന് സമ്മതിക്കുകയാണ് സോഷ്യല്‍ മീഡിയയും. ഇരുവരും തമ്മില്‍ ശക്തമായ ഒരു ബോണ്ട് രൂപപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തൽ.
ബിഗ് ബോസിലെ 'പൂക്കീസ്' എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇരുവരും തമ്മില്‍ എത്ര വഴക്കുണ്ടായാലും അവസാനം തമാശയും കളിയും ചിരിയുമായി മുന്നോട്ടുപോകുന്നു. ഇത്തരത്തിലൊരു സൗഹൃദം ആര്‍ക്കും ഇതുവരെ ബിഗ് ബോസ് ഹൗസിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.