
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവം'. ചിത്രം ആഗസ്റ്റ് 28 ന് ഓണം റിലീസായി എത്തും. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റസും അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോൾ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. നാളെ (ആഗസ്റ്റ് 25) രാവിലെ പത്ത് മണി മുതൽ ബുക്കിംഗ് ആരംഭിക്കുന്നുവെന്നാണ് വിവരം. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട് എന്നീ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലാണ് ബുക്കിംഗ് നടക്കുക. ആഗസ്റ്റ് 28ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. വീണ്ടും റെക്കോര്‍ഡ് കളക്ഷന്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
അതേസമയം, പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും- സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നാണ് ടീസർ നൽകുന്ന സൂചന. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.
മാളവിക മോഹനൻ ആണ് ചിത്രത്തിൽ നായിക. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഇതിനു പുറമെ അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.