

സോഷ്യൽ മീഡിയയിൽ ഏറെ സുപരിചിതനാണ് സന്തോഷ് വർക്കി. 'ആറാട്ടണ്ണൻ' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി പലപ്പോഴും വിവാദ പരാമർശങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് ആറാട്ടണ്ണൻ അറസ്റ്റിലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഇപ്പോൾ അതിനെക്കുറിച്ചുള്ള സന്തോഷ് വർക്കിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
"ഞാൻ പറഞ്ഞ കാര്യമല്ല എഫ്ഐആറിൽ എഴുതിയിരിക്കുന്നത്. ഞാൻ ഒരു നടിയുടെ പേരും പറഞ്ഞിട്ടില്ല. ഇതിന് പിന്നിൽ കളിച്ചത് മലയാളത്തിലെ ഏറ്റവും വലിയ നടനായ മോഹൻലാലാണ്." - ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് വർക്കി വിചിത്ര വാദം ഉന്നയിച്ചത്. എന്നെയും ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യുബർ അജു അലക്സിനെയും അറസ്റ്റ് ചെയ്തതിന് പിന്നിൽ കളിച്ചത് മോഹൻലാലും സിദ്ദിഖുമാണ്. ട്രിവാൻഡ്രം ഗ്യാങ്ങാണ് തനിക്കെതിരെ കളിച്ചതെന്നും ആറാട്ടണ്ണൻ പറയുന്നു.
"മുൻപൊരിക്കൽ ഞാൻ മോഹൻലാലിനെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. പരസ്യമായ രഹസ്യമാണ്. ഞാൻ അത് പറയുന്നില്ല. അത് പുള്ളിക്ക് ഏറ്റു. അതിന്റെ വെെരാഗ്യമാണ്. എല്ലാ തെളിവും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്. പോലീസ് ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു." - സന്തോഷ് വർക്കി ആരോപിക്കുന്നു. "എത്ര സ്ത്രീകളുടെ ജീവിതം സിനിമാക്കാർ നശിപ്പിച്ചിട്ടുണ്ട്? നടിയെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ഇപ്പോഴും ഇവിടെയുള്ളവർ സപ്പോർട്ട് ചെയ്യുന്നത്. എന്റെ അഭിപ്രായത്തിൽ 50 ശതമാനം ചെയ്യാനും 50 ശതമാനം ട്രാപ്പാകാനും സാധ്യതയുണ്ട്." - സന്തോഷ് വർക്കി പറഞ്ഞു.