

ഇന്ത്യൻ ത്രില്ലർ സിനിമകളിൽ മുന്‍ നിരയിൽ നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'ദൃശ്യം'. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണിത്. കോവിഡ് കാലമായതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ ഒടിടിയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങൾ വലിയ വാണിജ്യ വിജയമായതിനാൽ ദൃശ്യം മൂന്നാം ഭാഗം വരുമ്പോൾ എന്തൊക്കെ സസ്പെൻസ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകൾ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച 'ജോർജ് കുട്ടി'യെ നടന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങൾക്ക് ഒപ്പമാണ് പ്രേക്ഷകർ ഇടം നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 3 ൽ മോഹൻലാലിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. സഹതാരങ്ങൾക്കും സിനിമയിലെ അണിയറപ്രവർത്തകർക്കും ഒപ്പം കേക്ക് മുറിച്ചാണ് നടമോഹൻലാൽ സന്തോഷം പങ്കിട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
മലയാളത്തിൽ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതോടെ, സിനിമയുടെ ആഗോള തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് 350 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. അങ്ങനെ ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ ചിത്രം എത്തുകയും ചെയ്തു.
മോഹൻലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്‍ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.