2025 ലെ ലോകസുന്ദരി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഇന്ത്യയുടെ ഹൈടെക് സിറ്റിയായ ഹൈദരബാദിലാണ്. നഗരത്തിലെ ഹിറ്റെക്സ് എക്സിബിഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 6.30 നാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. അഴകളവുകളും ആത്മവിശ്വാസവും അറിവും മാറ്റുരയ്ക്കുന്ന മത്സരത്തിൽ മിസ് ഇന്ത്യ നന്ദിനി ഗുപ്തയിലൂടെ മിസ് വേൾഡ് കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ഈ മാസം 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി 108 പേരിൽനിന്ന് യോഗ്യത നേടിയ 40 പേരാണ് അവസാന പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ടോപ് മോഡൽ റൗണ്ടിൽ വിജയിയായതോടെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. മിസ് വേൾഡ് സ്റ്റെഫാനി ഡെൽബായെയും സച്ചിൻ കുംഭറും അവതാരകരാകുന്ന ഫൈനലിൽ ബോളിവുഡ് താരങ്ങളായ ഇഷാൻ ഖട്ടറിന്റെയും ജാക്വിലിൻ ഫെർണാണ്ടസിന്റെയും കലാവിരുന്നും ഉണ്ടാകും.