
തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ഭാര്യ ജ്വാല ഗുട്ടയുടെയും കുഞ്ഞിന് പേരിട്ട് ബോളിവുഡ് താരം ആമിർ ഖാൻ. ‘മിറ’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഹൈദരാബാദിൽ നടന്ന ചടങ്ങിലായിരുന്നു പേരിടൽ. ചടങ്ങിന്റെ മനോഹര ചിത്രങ്ങൾ വിഷ്ണുവും ജ്വാലയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
ആമിറിന്റെ സാന്നിധ്യത്തിൽ വികാരാധീനയാകുന്ന ജ്വാലയെ ചിത്രങ്ങളിൽ കാണാം. "ഞങ്ങളുടെ ‘മിറ’! കൂടുതൽ ഒന്നും ചോദിക്കാൻ കഴിയുമായിരുന്നില്ല!! താങ്കളില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല ആമിർ!! ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു. മനോഹരമായ ഈ പേരിന് നന്ദി!"– ജ്വാല ഗുട്ട ചിത്രത്തോടൊപ്പം കുറിച്ചു.
ആമിർ ഖാന്റെ സാന്നിധ്യത്തിന് വിഷ്ണുവും നന്ദി അറിയിച്ചു. "ഞങ്ങളുടെ മിറയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഞങ്ങളുടെ കുഞ്ഞിന് പേരിടാൻ എത്തിയ ആമിർ ഖാൻ സാറിന് ഒരു വലിയ ആലിംഗനം. മിറ എന്നാൽ നിരുപാധികമായ സ്നേഹവും സമാധാനവും എന്നാണ്. ആമിർ സാറുമായി ഇതുവരെയുള്ള യാത്ര മാന്ത്രികമായിരുന്നു... ഞങ്ങളുടെ മകൾക്ക് മനോഹരമായ ഒരു പേര് നൽകിയതിന് നന്ദി ആമിർ സാർ." – വിഷ്ണു വിശാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രശസ്ത ബാഡ്മിന്റൺ താരവും അർജുന അവാർഡ് ജേതാവുമായ ജ്വാല ഗുട്ടയും തമിഴ് നടൻ വിഷ്ണു വിശാലും 2021 ഏപ്രിലിലാണ് വിവാഹിതരാകുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഏപ്രില്‍ 22-ന് ആണ് ദമ്പതികൾക്ക് പെണ്‍കുഞ്ഞ് ജനിച്ചത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാൽ സലാ’മിലാണ് വിഷ്ണു വിശാൽ അവസാനമായി അഭിനയിച്ചത്. ജൂലൈ 11 ന് തിയേറ്ററുകളിൽ എത്തുന്ന റൊമാന്റിക് കോമഡി ചിത്രമായ ‘ഓഹോ എന്തൻ ബേബി’യാണ് വിഷ്ണുവിന്റെ അടുത്ത റിലീസ്.