
നടി ശാരിയുടെ ഡാൻസ് വിഡിയോ ശ്രദ്ധ നേടുന്നു. രജനികാന്ത് അഭിനയിച്ച 'പടയപ്പ' എന്ന സിനിമയിലെ ശ്രീനിവാസനും നിത്യശ്രീ മഹാദേവനും ചേർന്ന് ആലപിച്ച ‘മിൻസാര കണ്ണാ’ എന്ന ഗാനത്തിനാണ് ശാരി ചുവടുവച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി വിഡിയോ പങ്കുവച്ചിട്ടുള്ളത്. ലളിതമായ സാരിയിൽ അതിസുന്ദരിയായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
"മിൻസാര കണ്ണാ’ എന്ന പാട്ടിനൊപ്പം നൃത്തം ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ എനിക്ക് അതിന് അവസരം ലഭിച്ചു. എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഡാൻസ് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു." - എന്ന അടിക്കുറിപ്പോടെയാണ് ശാരി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
വലിയ ജനശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി പേർ വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചു. ‘സൂപ്പർ’, ‘നൈസ്’, ‘പൊളി’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
1986 ൽ പുറത്തിറങ്ങിയ ‘നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ’ എന്ന ചിത്രത്തിലൂടെയാണ് ശാരി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. ആ സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശാരിക്ക് ലഭിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയായ ശാരി, സാധന എന്ന പേരിലാണ് തമിഴ് സിനിമയിൽ അറിയപ്പെടുന്നത്.