പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്‍റെ ബയോപിക് ചിത്രം 'മൈക്കൽ' റിലീസ് തീയതി നീട്ടി. 2026 ലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. മൈക്കൽ ജാക്സനുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ചിത്രത്തിന്റെ വലിയൊരു ഭാഗവും റീഷൂട്ട് ചെയ്യേണ്ടി വന്നതാണ് റിലീസ് വൈകാൻ കാരണം.
1993 ൽ മൈക്കൽ ജാക്സനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നിരുന്നു. ഈ കേസിനെ തുടർന്നുണ്ടായ കോടതി നടപടികളാണ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചത്. ഇതിലെ ഇരയുമായി ബന്ധപ്പെട്ട യാതൊന്നും സിനിമയിൽ പരാമർശിക്കരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. വിവാദങ്ങളും നിയമ തടസ്സങ്ങളും ഉണ്ടെങ്കിലും ചിത്രീകരണം തുടരുന്നതായാണ് റിപ്പോർട്ട്.
മൈക്കൽ ജാക്സന്‍റെ ജീവിതത്തെ ആസ്പദമാക്കി അന്‍റോയിൻ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈക്കൽ ജാക്സന്‍റെ അനന്തരവനായ ജാഫർ ജാക്സനാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായി എത്തുന്നത്. കോൾമാൻ ഡൊമിംഗോയും നിയ ലോങ്ങുമാണ് മൈക്കലിന്‍റെ മാതാപിതാക്കളെ അവതരിപ്പിക്കുന്നത്. ഏകദേശം 155 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. 2026 ഏപ്രിൽ മാസത്തോടെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.