

തിരുവനന്തപുരം: നടിയും നർത്തകിയുമായ മേതിൽ ദേവിക മുകേഷിനെതിരായ ആരോപണത്തിൻ്റെ ഉദ്ദേശ്യം സംശയാസ്പദമാണെന്ന് പറഞ്ഞ് രംഗത്ത്. ഒരു മാധ്യമത്തിനോടായിരുന്നു ഇവരുടെ പ്രതികരണം.(Methil Devika on allegations against mukesh)
ഈ ആരോപണങ്ങളിലെ സത്യമെന്താണെന്ന് തനിക്കറിയില്ലെന്നും ദേവിക പറഞ്ഞു. മുകേഷിന് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അവർ, താൻ ഒരിക്കലും മുൻവിധി കൽപ്പിക്കാറില്ലെന്നും, എന്നാൽ, ഇത്തരമൊരു ആരോപണത്തിൻ്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണെന്നും അവർ കൂട്ടിച്ചേർത്തു.
കോടതി ഇക്കാര്യം തെളിയിക്കട്ടെയെന്ന് പറഞ്ഞ അവർ, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ സീരിയസ്‌നെസ്സ് പോകരുതെന്നും, യഥാർഥത്തിലുള്ളതും വ്യാജമായതും ഏതാണെന്ന് ഇപ്പോൾ നമ്മുക്ക് മനസിലാക്കാൻ പറ്റുന്നില്ലെന്നും വിശദീകരിച്ചു.
ശ്രദ്ധയാകർഷിക്കാനോ പബ്ലിസിറ്റിക്കോ വേണ്ടി പറയുന്നവർക്കെതിരെ തുല്യനടപടിയെടുക്കണമെന്ന് പറഞ്ഞ മേതിൽ ദേവിക, കേരളത്തിൽ സിനിമ എന്ന് പറയുന്നത് ഒരു മതമാണെന്നും, താരങ്ങൾ അതിലെ ദൈവങ്ങൾ ആണെന്നും വ്യക്‌തമാക്കി. വിവാഹമോചിതരായെങ്കിലും താനും മുകേഷും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അവർ കൂട്ടിച്ചേർത്തു.