
നടിയും ട്രാവൽ വ്ലോഗറുമായ ഷെനാസ് ട്രഷറി പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സൂപ്പർ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരമായി മാറിയ അർന്റീന–വെനസ്വേല ഫുട്ബോൾ മത്സരം ഗാലറിയിലിരുന്ന് ആസ്വദിക്കുന്ന നടിയുടെ വിഡിയോ ആണ് നിമിഷ നേരം കൊണ്ട് വൈറലായത്.
ഷെനാസിനൊപ്പം മലയാളിയായ യൂട്യൂബർ യാദില്‍ എം. ഇക്‌ബാലും മത്സരം കാണാൻ എത്തിയിരുന്നു. ഇരുവരും ഗാലറിയിൽ ഇരുന്ന് ആർപ്പു വിളിക്കുന്നതും യാദിൽ വികാരാധീനനായി കരയുന്നതും വിഡിയോയിൽ കാണാം.
ബ്യൂനസ് ഐറിസിലെ മോണ്യുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെനസ്വേലയെ അർജന്റീന 3–0 ന് തകർത്തു. മെസ്സിയുടെ വിരമിക്കലിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും അടുത്ത വർഷത്തെ ലോകകപ്പോടെ താരം രാജ്യാന്തര കരിയർ മതിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ അർജന്റീനയിൽ മെസ്സി മറ്റൊരു രാജ്യാന്തര മത്സര കളിക്കാൻ സാധ്യതയില്ല. ഇതോടെയാണ് വെനസ്വേലയ്ക്കെതിരായ മത്സരം സ്വന്തം മണ്ണിൽ മെസ്സിയുടെ വിടവാങ്ങൽ മത്സരമായി മാറിയത്. ‘ഇത്തരമൊരു വിടവാങ്ങൽ ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു’– മത്സര ശേഷം മെസ്സി പറഞ്ഞു.