

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായതിനു പിന്നാലെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരത്തിന്റെ മകൾ മീനാക്ഷി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ സാരി അണിഞ്ഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെയാണ് ചിത്രങ്ങളിൽ കാണുന്നത്.
ഓറഞ്ചിൽ ചുവപ്പ് ബോർഡറുടെ സാരിയും ചുവന്ന കുപ്പിവളകളും അണിഞ്ഞാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിനൊപ്പം അടിക്കുറിപ്പുകൾ ഒന്നും ചേർത്തിട്ടില്ലെങ്കിലും കമന്റ് ബോക്സ് നിറയെ ആരാധകരുടെ പ്രതികരണങ്ങളാണ്.
‘ആ ചിരി പറയും ഒരായിരം സന്തോഷത്തിന്‍റെ കഥ’ എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ‘ഈ ചിരി എന്നെന്നും നിലനിൽക്കണം എന്നാണ് ആഗ്രഹം’ എന്ന് മറ്റൊരാൾ കുറിച്ചു. ‘കൊള്ളാം’ എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത കുറിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ തിങ്കളാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി താരത്തെ കുറ്റവിമുക്തനാക്കിയത്.