

കോടതി കുറ്റവിമുക്‌തനാക്കിയ ശേഷവും മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും അസത്യങ്ങളാണ് അവർ പുറത്തുവിടുന്നതെന്നും ദിലീപ്. തന്നോട് അൽപ്പമെങ്കിലും നീതി കാണിക്കണമെന്നും അപേക്ഷിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതേ വിട്ടശേഷം സന്നിധാനത്തെത്തിയതായിരുന്നു ദിലീപ്. തന്ത്രിയെ കാണാനായി കാത്തു നിൽക്കുമ്പോൾ ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലായിരുന്നു ദിലീപിന്റെ അപേക്ഷ.
“എന്നെ എല്ലാവരും ഉപദ്രവിക്കുകയാണ്. എന്തെല്ലാം അസത്യങ്ങളാണ് തട്ടി വിടുന്നത്. അൽപമെങ്കിലും നീതി വേണ്ടേ. ഞാൻ അയ്യപ്പ ഭക്തനാണ്. കഴിഞ്ഞ വർഷം ദർശനത്തിനു വന്നപ്പോൾ ചെറിയ വിവാദം ഉണ്ടായി. ഇത്തവണ വഴിപാട് ബുക്ക് ചെയ്താണ് വന്നത്.” - ദിലീപ് പറഞ്ഞു.
രാവിലെ 8.30 ന് പമ്പയിൽ എത്തിയ ദിലീപ് ഒപ്പമുള്ളവർക്കൊപ്പം പൊൻകുന്നത്തു നിന്ന് കെട്ടു മുറുക്കിയാണ്. ഗോപാലകൃഷ്ണൻ, ഉത്രാടം എന്ന നാളിലാണ് ദിലീപ് ഉച്ച പൂജക്കു ടിക്കറ്റ് എടുത്തത്. പണിക്കേഴ്സ് ട്രാവൽസ് ഉടമ ബാബു പണിക്കരുടെ കളഭ പുജയിൽ പങ്കെടുത്ത ശേഷമാണ് ഉച്ച പൂജയ്ക്കു പോയത്. സുഹൃത്ത് ശരത്ത്, അഡ്വ: പ്രണവ്, ചെന്നൈയിലെ വ്യവസായി ശശികുമാർ എന്നിവരോടൊപ്പമാണ് ദർശനത്തിനു വന്നത്.
പമ്പയിൽ നിന്നു കാൽ നടയായി മലകയറി സന്നിധാനത്ത് എത്തിയ ദിലീപ്, ഇരുമുടികെട്ട് ഇല്ലാത്തതിനാൽ സ്‌റ്റാഫ് ഗേറ്റു വഴി സോപാനത്ത് എത്തി ദർശനം നടത്തി. തുടർന്ന് മേൽശാന്തി, തന്ത്രി എന്നിവരെ കണ്ട് പൂജയുടെ വിവരങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തുക്കയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്.