

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന്റെ 'സ്മൈൽ ഭവന പദ്ധതി'യുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായി നടി അനുശ്രീ. പാലക്കാട് ജില്ലയിൽ നടന്ന പരിപാടിയിൽ അനുശ്രീ തറക്കല്ലിടൽ കർമ്മം നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു.
"സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരു വീട് എന്നുള്ളത് എത്രത്തോളം ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായ ഒരു വീട്. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്. ഏറ്റവും ഭംഗിയായി തന്നെ ഈ വീട് പൂർത്തിയാക്കാൻ സാധിക്കട്ടെ." - അനുശ്രീ പറഞ്ഞു.
"ഇനി ഈ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ എനിക്ക് ടെൻഷനാണ്. എന്റെ സ്വന്തം വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല. ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. ഞാൻ പാലക്കാട്ടുകാരിയും തൃശ്ശൂർക്കാരിയും ആണ് എന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ പാലക്കാടിനോട് എനിക്ക് ഒരു പ്രത്യേക സ്നേഹവും ഉണ്ട്. വീണ്ടും നിങ്ങളെയൊക്കെ കാണാൻ സാധിക്കട്ടെ. വീട് പൂർത്തിയാകുമ്പോൾ എത്താം." - അനുശ്രീ പറഞ്ഞു.
ചുവന്ന സാരിയുടുത്ത് മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായാണ് അനുശ്രീ ചടങ്ങിലെത്തിയത്. രാഹുൽ മാങ്കൂട്ടത്തലിനൊപ്പം തറക്കല്ല് ഇടുന്ന അനുശ്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകർക്കൊപ്പം സെൽഫിയെടുത്തും അവരോട് സമയം ചെലവഴിച്ചതിനുശേഷം ആണ് നടി തിരിച്ചുപോയത്.