കൊച്ചി: പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവ്വശിയുടേയും മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയ രംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. ചിത്രത്തിൽ സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു ചുവടുവയ്ക്കുന്നത്.
മനോജ് കെ ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ സിനിമ പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മനോജ് കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഇ കുര്യൻ എന്നിവരും സാന്നിഹിതരായിരുന്നു.
മകൾ അഭിനയ രംഗത്തേക്ക് കടന്നു വരാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ നിനക്ക് അതാണിഷ്ടമെങ്കിൽ അതു നടക്കട്ടെയെന്നായിരുന്നു എൻ്റെ അഭിപ്രായം. അമ്മയുടെ അനുഗ്രഹവും അനുവാദവും വാങ്ങണമെന്നും പറഞ്ഞിരുന്നുവെന്ന് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.