'മഞ്ഞുമ്മൽ ബോയ്സ്' തിളങ്ങി!: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണവും വാരിക്കൂട്ടി, കിരീടം താഴെ വയ്ക്കാതെ മമ്മൂട്ടിയും, കിരീടമണിഞ്ഞ് ഷംല ഹംസയും | Manjummel Boys

മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ എന്നിവയെല്ലാം ഈ ചിത്രത്തിനാണ്
'മഞ്ഞുമ്മൽ ബോയ്സ്' തിളങ്ങി!: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണവും വാരിക്കൂട്ടി, കിരീടം താഴെ വയ്ക്കാതെ മമ്മൂട്ടിയും, കിരീടമണിഞ്ഞ് ഷംല ഹംസയും | Manjummel Boys
Published on

തൃശ്ശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഇത്തവണ അവാർഡുകൾ വാരിക്കൂട്ടി ചരിത്രം കുറിച്ചത് ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രമാണ്. 10 പുരസ്കാരങ്ങൾ നേടിയാണ് 'മഞ്ഞുമ്മൽ ബോയ്സ്' മുന്നിട്ടു നിന്നത്.(Manjummel Boys shines! Wins 10 awards at the 55th State Film Awards)

മികച്ച ചിത്രം, മികച്ച സംവിധായകൻ (ചിദംബരം), മികച്ച സ്വഭാവനടൻ (സൗബിൻ ഷാഹിർ), മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് തുടങ്ങി പത്തോളം വിഭാഗങ്ങളിലാണ് ചിത്രം പുരസ്‌കാരങ്ങൾ നേടിയത്.

ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയുടെ പ്രകടനത്തിന് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസയാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്.

അവാർഡ് നേട്ടത്തിൽ വിനയത്തോടെയാണ് സംവിധായകൻ ചിദംബരം പ്രതികരിച്ചത്. "വെരി ഗ്രേറ്റ്ഫുൾ, ഇത്രയും നമ്മൾ പ്രതീക്ഷിച്ചില്ല. സിനിമയിലെ എല്ലാ ടെക്നീഷ്യൻസിനുമുള്ള അവാർഡാണിത്. നന്ദി, എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ," - ചിദംബരം പറഞ്ഞു.

ഫെമിനിച്ചി ഫാത്തിമ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനായി ഫെമിനിച്ചി ഫാത്തിമ ഒരുക്കിയ ഫാസിൽ മുഹമ്മദ് പുരസ്കാരം നേടി. മികച്ച ജനപ്രിയ ചിത്രമായി 'പ്രേമലു' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തായി ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്) തിരഞ്ഞെടുക്കപ്പെട്ടു, പ്രസന്ന വിത്തനാഗെയാണ് (പാരഡൈസ്) മികച്ച കഥാകൃത്ത്.

സ്വഭാവ നടനുള്ള പുരസ്കാരം സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം) എന്നിവർ പങ്കിട്ടു. ലിജോ മോൾ (നടന്ന സംഭവം) മികച്ച സ്വഭാവനടിയായി. ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്) മികച്ച ഛായാഗ്രാഹകനായി. ഭ്രമയുഗത്തിലെ പശ്ചാത്തല സംഗീതത്തിന് ക്രിസ്റ്റോ സേവ്യർ അവാർഡ് നേടിയപ്പോൾ, സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായി. വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം - മഞ്ഞുമ്മൽ ബോയ്സ്) മികച്ച ഗാനരചയിതാവായി.

ഹരി ശങ്കർ (എ.ആർ.എം) മികച്ച പിന്നണി ഗായകനും സെബ ടോമി (അം അ) മികച്ച പിന്നണി ഗായികയുമായി. കിഷ്കിന്ധാ കാണ്ഡത്തിലെ ചിത്രസംയോജനത്തിന് സൂരജ് ഇ.എസ്. പുരസ്കാരം നേടി. അജയൻ ചാലിശ്ശേരി (മഞ്ഞുമ്മൽ ബോയ്സ്) മികച്ച കലാസംവിധായകനായി. ശബ്ദരൂപകൽപ്പനയ്ക്ക് ഷിജിൻ മെൽവിനും (മഞ്ഞുമ്മൽ ബോയ്സ്) സിങ്ക് സൗണ്ടിന് അജയൻ അടാട്ടും (പണി) പുരസ്കാരം നേടി.

കോസ്റ്റ്യൂമിന് സമീര സനീഷ് (രേഖാചിത്രം, ബൊഗെയ്ൻവില്ല), മേക്കപ്പിന് റോണക്സ് സേവ്യർ (ബൊഗെയ്ൻവില്ല, ഭ്രമയുഗം), കളറിസ്റ്റിന് ശ്രിക് വാരിയർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല), നൃത്ത സംവിധാനത്തിന് സുമേഷ് സുന്ദറും (ബൊഗൈൻവില്ല) അവാർഡുകൾ നേടി.

ബറോസിലെ ഡബ്ബിങ്ങിന് സയനോര ഫിലിപ്പും, ഫാസി വൈക്കവും പുരസ്കാരം നേടി. മികച്ച വിഷ്വൽ എഫക്ട്‌സിന് ജിതിൻഡ ലാൽ, ആൽബർട്, അനിത മുഖർജി (എ.ആർ.എം.) എന്നിവർക്ക് അവാർഡ് ലഭിച്ചു.

പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്ത 'പാരഡൈസ്' പ്രത്യേക ജൂറി പുരസ്കാരം (സിനിമ) നേടി. അഭിനയത്തിന് ജോതിർമയി (ബൊഗൈൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്) എന്നിവർ പ്രത്യേക ജൂറി പരാമർശം നേടി. നടൻമാരായ ടൊവിനോ തോമസ് (എ.ആർ.എം), ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം) എന്നിവർക്കും ജൂറി പ്രത്യേക പരാമർശം നൽകി.

മികച്ച ചലച്ചിത്രഗ്രന്ഥമായി സി.എസ്. മീനാക്ഷിയുടെ പെൺപാട്ട് താരകളും, മികച്ച ചലച്ചിത്ര ലേഖനമായി ഡോ. വത്സൻ വാതുശ്ശേരിയുടെ മറയുന്ന നാലുകെട്ടുകളും തിരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com