'മഞ്ഞുമ്മൽ ബോയ്സ്'; നിർമാതാക്കളുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ പൊലീസ് റിപ്പോർട്ട് | Manjummal Boys

കേസ് സിവിൽ കേസായി മുന്നോട്ടു പോകുമെന്നും ഇതിനു വർഷങ്ങളെടുക്കുമെന്നും കൊടുക്കേണ്ട പണം അതുവരെ യഥേഷ്ടം ചെലവഴിക്കാമെന്നും പ്രതികൾ
 Manjummal Boys
Published on

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വീണ്ടും പൊലീസ് റിപ്പോർട്ട്. നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഇവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ പങ്കാളി ഷോൺ ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയ്ക്ക് എതിരെയാണ് കൊച്ചി മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഗൂഢാലോചന, വഞ്ചന തുടങ്ങിയവ ആരോപിച്ചുള്ള കേസിൽ മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റിയിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് അരൂർ സ്വദേശി സിറാജ് ഹമീദ് വലിയ വീട്ടിൽ എന്നയാൾ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. ചിത്രത്തിന്റെ ലാഭവിഹിതത്തിന്റെ 40% എന്ന കരാറിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ ചിത്രത്തിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുടക്കിയിട്ടും സൗബിനും മറ്റുള്ളവരും കരാർ പാലിച്ചില്ല എന്നാണ് പരാതി. തുടർന്ന് കോടതി നിർദേശപ്രകാരം മരട് പൊലീസ് അന്വേഷണം നടത്തുകയും സൗബിനും മറ്റുള്ളവർക്കുമെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പ്രതികൾ ഗൂഡാലോചന നടത്തി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കഴിഞ്ഞ മാസം ഹൈക്കോടതി തള്ളിയതോടെയാണ് നിയമനടപടികളുമായി പൊലീസ് വീണ്ടും മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മൂന്നുപേരും ഹൈക്കോടതിയെ സമീപിച്ച് 27 വരെ സമയം നീട്ടി വാങ്ങിയിരുന്നു. ഇതിനിടെയാണ് പൊലീസ് മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വീണ്ടും റിപ്പോർട്ട് നല്‍കിയിട്ടുള്ളത്.

കേസിലെ ഒന്നാം പ്രതിയായ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് സ്വീകരിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. മറ്റുള്ളവർ ഇത് കൈപ്പറ്റിയിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയച്ച നോട്ടിസ് മടക്കി സൗബിന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സിന് ആകെ 265 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണു വിവിധ കണക്കുകളെ ആശ്രയിച്ചുള്ള പൊലീസ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ രാജ്യത്തിന് അകത്തെയും പുറത്തെയും റിലീസിങ് വരുമാനത്തിന്റെ ഒരു ഭാഗം മാത്രമേ വിതരണ കമ്പനിയായ ബിഗ് ഡ്രീംസിലൂടെ ശേഖരിച്ചിട്ടുള്ളൂ. ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്കാണ് എത്തിയിട്ടുള്ളത്. ഇതിന്റെ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്നും മറ്റു ഭാഷകളിലേക്ക് ഡബ് ചെയ്ത വകയിലുള്ള വരുമാനം സംബന്ധിച്ചും അറിയേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

പരാതിക്കാരൻ കേസ് കൊടുത്താൽ തന്നെ സിവിൽ കേസായി മുന്നോട്ടു പോകുമെന്നും ഇതിനു വർഷങ്ങളെടുക്കുമെന്നും കൊടുക്കേണ്ട പണം അതുവരെ യഥേഷ്ടം ചെലവഴിക്കാമെന്നുമാണു പ്രതികൾ കണക്കാക്കിയിട്ടുള്ളത്. 50 ലക്ഷം രൂപ മാത്രമായിരുന്നു പരാതിക്കാരനു പ്രതികൾ തിരികെ നൽകിയത്. ചിത്രത്തിന്റെ നിർമാണത്തിന് 22 കോടി രൂപയാണ് ചെലവായതായി കണക്കിൽ കാണിച്ചിട്ടുള്ളത്. എന്നാൽ, 18.5 കോടി രൂപ മാത്രമേ മുടക്കുമുതൽ ആയിട്ടുള്ളൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതികൾ പരാതിക്കാരന് 5.99 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തതിനു ശേഷം മാത്രമാണ് പണം നൽകിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com