

മഞ്ജു പത്രോസിന്റെ ഡാൻസ് വിഡിയോ വൈറൽ. സെമി ക്ലാസിക്കൽ നൃത്തവുമായാണ് മഞ്ജു എത്തിയിരിക്കുന്നത്. സെറ്റ് മുണ്ടിൽ അതിസുന്ദരിയായാണ് മഞ്ജു വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
കെ.ജെ.യേശുദാസും സുജാതയും ചേർന്ന് ജനപ്രിയമാക്കിയ ‘ദ്വാദശിയിൽ’ എന്ന ഗാനത്തിനാണ് മഞ്ജു ചുവടുവയ്ക്കുന്നത്. ബിജു മേനോനും സംയുക്ത വർമയും ചേർന്ന് അഭിനയിച്ച ‘മധുരനൊമ്പരക്കാറ്റ്’ എന്ന സിനിമയിലേതാണ് ഗാനം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗറാണ്.
മഞ്ജുവിന്റെ നൃത്തത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. നല്ല ഫീലാണ് മഞ്ജുവിന്റെ നൃത്തം കാണാനെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപും മഞ്ജു പത്രോസ് പങ്കുവച്ച ഡാൻസ് വിഡിയോകള്‍ ആരാധകർ വലിയ രീതിയിൽ സ്വീകരിച്ചിരുന്നു. ‘മുത്തു’ സിനിമയിലെ ‘തില്ലാന തില്ലാന’ എന്ന ഗാനത്തിന് മഞ്ജു പത്രോസ് സുഹൃത്തിനൊപ്പം ചുവടുവച്ച വിഡിയോ വൈറലായിരുന്നു.
ടെലിവിഷൻ പ്രോഗ്രാമിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ലോഹിതദാസ് സംവിധാനം ചെയ്ത ‘ചക്രം’ സിനിമയിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. ‘അളിയൻ വേഴ്സസ് അളിയൻ’ എന്ന പരമ്പരയിലെ തങ്കം എന്ന കഥാപാത്രത്തിന്റെ അഭിനയത്തിനു കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്.