മമ്മൂട്ടിയുടെ 'സാമ്രാജ്യം' 4K റീ റിലീസ് തീയതി മാറ്റി; ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും | Saamrajyam

സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ, റീ-മാസ്റ്ററിംഗ് ജോലികൾക്ക് സമയം വേണ്ടതുകൊണ്ടാണ് മാറ്റിയത്
Saamrajyam
Published on

മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത് 1990 കളിൽ റിലീസായ സൂപ്പർ ഹിറ്റ് ചിത്രം ‘സാമ്രാജ്യ’ത്തിന്റെ 4K റീ റിലീസ് തീയതിയിൽ മാറ്റം. സെപ്റ്റംബർ 19 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിൻ്റെ, റീ-മാസ്റ്ററിംഗ് ജോലികൾ പൂർത്തിയാകാത്തതുകൊണ്ടാണ് റിലീസ് മാറ്റിയത്. വമ്പൻ തിരിച്ചു വരവായി ചിത്രം ഒക്ടോബറിൽ പ്രദർശനത്തിന് എത്തുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. ഈ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ റീ മാസ്റ്റർ പതിപ്പിൻ്റെ ടീസർ പുറത്ത് വിട്ടത്. 4K ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്. ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായെത്തിയ ‘സാമ്രാജ്യം”, അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മുതൽ മുടക്കിൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്. അൾട്രാ സ്റ്റൈലിഷ് നായകനായി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രം, അതിൻ്റെ മേക്കിങ് മികവ് കൊണ്ടും വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ചു കൊണ്ട് വമ്പൻ കാൻവാസിലാണ് ഒരുക്കിയത്. കേരളത്തിൽ ഒതുങ്ങി നിൽക്കാതെ തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നൂറും ഇരുനൂറും ദിവസങ്ങൾ തകർത്തോടിയ ചിത്രം കൂടിയാണ് “സാമ്രാജ്യം”.

ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ പി ഹരിഹരപുത്രൻ. മമ്മൂട്ടിക്കൊപ്പം മധു, ക്യാപ്റ്റൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com