
മമ്മൂട്ടിയും മോഹൻലാലും വീണും ഒന്നിക്കുന്ന ‘പാട്രിയറ്റ്' എന്ന സിനിമയിലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തു വിട്ട് മമ്മൂട്ടി കമ്പനി. റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി, സ്‌ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ ക്യാമറയില്‍ പകര്‍ത്തുന്നതുമാണ് വീഡിയോയിലുള്ളത്.മഹേഷ് നാരായണനൊരുക്കുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊരുമിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ് മോഹൻലാലും മമ്മൂട്ടിയും അവസാനമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്.
ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്‌റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻറെ ഓവർസീസ് പാർട്ട്‌ണർ.
ചിത്രം നിർമ്മിക്കുന്നത് ആൻ്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്‌ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.