
കൊച്ചി: അഞ്ചു വയസ്സുകാരിക്ക് നടൻ മമ്മൂട്ടിയുടെ സ്‌നേഹഹസ്തം. മൂത്രനാളിയിൽ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്ക് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ ആണ് കുട്ടിയുടെ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദിവസവേതനത്തിൽ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ ചികിത്സയുടെ തുക ആ കുടുംബത്തിന് താങ്ങാനാവുമായിരുന്നില്ല. ഈ ദുരവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി കുട്ടിയെ വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു.
കെയർ ആന്റ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ സ്വദേശിയുടെ അഞ്ചു വയസ്സുള്ള മകൾക്ക് ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോക്ടർ വിനീത് വിനുവിന്റെ നേതൃത്വത്തിലായിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് വാത്സല്യം.
പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ, കോളിഡോക്കൽ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷൻ, ജനിക്കുമ്പോൾ തന്നെ നെഞ്ചിൽ കാണപ്പെടുന്ന മുഴകൾ നീക്കുന്നതിനുള്ള സർജറി ഉൾപ്പെടെ അർഹരായവർക്ക് സൗജന്യമായി ചെയ്തു നൽകുമെന്ന് രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി അറിയിച്ചു. കെയർ ആന്റ് ഷെയർ നിരവധി ആളുകൾക്കാണ് പുതുജീവൻ നൽകുന്നത്. മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ ആണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.