

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്ത് നടൻ മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കും.
ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും സന്ധ്യയുടെ ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. ഇതോടെ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ വർഷമാണു സന്ധ്യയുടെ മകൻ ക്യാൻസർ മൂലം മരിച്ചത്. നഴ്‌സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ളത്.