കൊച്ചി: ആരോഗ്യപരമായ കാരണങ്ങളാൽ എടുത്ത എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തിൻ്റെ മണ്ണിൽ തിരിച്ചെത്തി. ചെന്നൈയിൽ നിന്ന് വിമാനമാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ആരാധകർ ആരവം മുഴക്കിയാണ് വരവേറ്റത്.(Mammootty returns to Kerala after an 8-month hiatus)
മന്ത്രി പി. രാജീവും അൻവർ സാദത്ത് എം.എൽ.എ.യും മമ്മൂട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം അവസാനമായി കേരളത്തിൽ ഉണ്ടായിരുന്നത്. അതിനുശേഷം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോവുകയായിരുന്നു.
പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതായി ഓഗസ്റ്റ് 19-ന് സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന "അതിദാരിദ്ര്യ മുക്ത കേരളം" പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ മമ്മൂട്ടി പങ്കെടുക്കും. കേരളപ്പിറവി ദിനത്തിലാണ് ഈ പരിപാടി നടക്കുന്നത്.
ഈ പരിപാടിയിൽ നടൻ മോഹൻലാലും കമൽ ഹാസനും പങ്കെടുക്കുന്നുണ്ട്. ആരോഗ്യം വീണ്ടെടുത്ത ശേഷം മമ്മൂട്ടി പങ്കെടുത്തത് തൻ്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമായ 'പാട്രിയറ്റിൻ്റെ' ചിത്രീകരണത്തിലാണ്.
ഹൈദരാബാദ്, ലണ്ടൻ ഷെഡ്യൂളുകളിൽ മമ്മൂട്ടി പങ്കെടുത്തിരുന്നു. ഒക്ടോബർ 1-നാണ് ഹൈദരാബാദ് ലൊക്കേഷനിൽ അദ്ദേഹം എത്തിയത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'പാട്രിയറ്റിനുണ്ട്'.