
തിരുവനന്തപുരം: നടൻ മമ്മൂട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായെത്തി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും ഫേസ്ബുക്കിൽ പങ്കുവച്ചു.
സിനിമ സമൂഹത്തിൻ്റെ പരിച്ഛേദമാണെന്ന് പറഞ്ഞ അദ്ദേഹം, സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ടെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും കുറിച്ചു. ഇത് അവ നടപ്പാക്കാനായി സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനിൽക്കേണ്ട സമയമാണെന്ന് പറഞ്ഞ അദ്ദേഹം, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെയെന്നും, ശിക്ഷാ വിധികൾ കോടതി തീരുമാനിക്കട്ടെയെന്നും പ്രതികരിച്ചു.
പ്രതികരണത്തിനായി ഇത്രയും കാത്തത് ഇത്തരം വിഷയങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടത് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആണെന്നുള്ളതാണ് സംഘടനാരീതിയെന്നും, അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണെന്നും താരം കൂട്ടിച്ചേർത്തു.