കൊച്ചി : മമ്മൂട്ടി പൂർണ ആരോഗ്യവാനായി മടങ്ങിയെത്തുന്നു എന്ന വാർത്ത ആഘോഷമാക്കുകയാണ് മലയാള ചലച്ചിത്രലോകം. ഇപ്പോൾ ഇതാ നടൻ വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ രത്നച്ചുരുക്കമാണ് കുറിപ്പിലുള്ളത്. മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും നടൻ കുറിപ്പിനോടൊപ്പം പങ്കുവെച്ചു.
വി.കെ. ശ്രീരാമന്റെ കുറിപ്പിന്റെ പൂർണ രൂപം....
‘‘നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?’’
‘‘ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.’’
‘‘കാറോ ?’’
‘‘ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻസ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു. അപ്പ അവൻ പോയി.’’
‘‘ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. നീ’’
‘‘എന്തിനാ?’’
‘‘അവസാനത്തെ ടെസ്റ്റും പാസ്സായടാ’’
‘‘ദാപ്പോവല്യേ കാര്യം ? ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.’’
നീയ്യാര് പടച്ചോനോ?
‘‘ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ, എന്താ മിണ്ടാത്ത്?’’
‘ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.’’
യാ ഫത്താഹ് സർവ ശക്തനായ തമ്പുരാനേ, കാത്തു കൊള്ളണേ !