വ്യത്യസ്ത ലുക്കിൽ മമ്മൂട്ടി, 'കളങ്കാവൽ' ടീസർ പുറത്ത് | Kalamkaval

ഒരു പെട്ടിക്കടയുടെ മുൻപിൽ കൂളിംഗ് ഗ്ലാസും ചുണ്ടിൽ എരിയാത്ത സിഗരറ്റും വച്ച് ഗൂഡമായ ചിരിയോടെ നിൽക്കുന്ന മമ്മൂട്ടി
Kalamkaval
Published on

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന 'കളങ്കാവൽ' എന്ന സിനിമയുടെ ടീസർ പുറത്ത്. മമ്മൂട്ടിക്കമ്പനി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടീസർ പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിൽ തന്നെയാണെന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയുടെ കഥാപാത്രത്തിലേക്കുള്ള ബിൽഡപ്പും ഒടുവിൽ കഥാപാത്രത്തിൻ്റെ വെളിപ്പെടലുമാണ് ടീസറിലുള്ളത്. അസീസ് നെടുമങ്ങാടും വിനായകനുമൊക്കെ ടീസറിൽ വന്നുപോകുന്നുണ്ട്.

ഒരു പെട്ടിക്കടയുടെ മുൻപിൽ കൂളിംഗ് ഗ്ലാസും ചുണ്ടിൽ എരിയാത്ത സിഗരറ്റും വച്ചുകൊണ്ട് ഗൂഡമായ ചിരിയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് ടീസറിൻ്റെ അവസാനം കാണിക്കുന്നത്. മുന്നറിയിപ്പ് എന്ന സിനിമയിലെ അവസാന ചിരിയിൽ നിന്ന് മാറി മറ്റ് ചില ഷേഡുകൾ കൂടി ഈ ചിരിയിലുണ്ട്.

മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്നത് സയനൈഡ് മോഹൻ എന്ന കൊടും കുറ്റവാളിയെ ആണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി വില്ലൻ കഥാപാത്രമാണെന്ന് ഉറപ്പിച്ചുപറയാൻ സംവിധായനും തയ്യാറായിട്ടില്ല. ലൈംഗികബന്ധത്തിന് ശേഷം സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പടുത്തുന്നതായിരുന്നു സയനൈഡ് മോഹൻ്റെ രീതി. 20 പേരെയാണ് ഇങ്ങനെ ഇയാൾ കൊന്നത്. കളങ്കാവലിൽ 21 നായികമാർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

നവാഗതനായ ജിതിൻ കെ ജോസ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയത്. മമ്മൂട്ടി, വിനായകൻ, മീര ജാസ്മിൻ, രെജിഷ വിജയൻ തുടങ്ങിയവരും സിനിമയിലുണ്ട്. ഫൈസൽ അലി ക്യാമറ കൈകാര്യം ചെയ്യുമ്പോൾ പ്രവീൺ പ്രഭാകറാണ് എഡിറ്റ്. മുജീബ് മജീദ് സംഗീതസംവിധാനം നിർവഹിക്കുന്നു. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളങ്കാവൽ. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏറെ വൈകാതെ തന്നെ സിനിമ പ്രേക്ഷകരിലേക്ക് എത്തും.

Related Stories

No stories found.
Times Kerala
timeskerala.com