"വാപ്പച്ചി സമ്മതിച്ചാല്‍ പിന്നെ.."; 14 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്നു | Mammootty

മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍സ്‌പെയിസ് പങ്കിടുന്നതിന്‍റെ സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍.
Dulqer
Published on

മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ ഹീറോ ചിത്രമായി തിയേറ്ററുകളിലെത്തിയ 'ലോക ചാപ്‌റ്റര്‍ 1: ചന്ദ്ര'യില്‍ 'മൂത്തോന്‍' എന്ന നിഗൂഢ കഥാപാത്രത്തെ അവതരിപ്പിച്ചത് 'മമ്മൂട്ടി' ആണെന്ന്, താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ നിര്‍മ്മാതാവും നടനും മകനുമായ ദുല്‍ഖര്‍ സല്‍മാല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു സിനിമയ്‌ക്കായി വാപ്പച്ചിയും മകനും ഒന്നിച്ചെങ്കിലും ഇരുവരും ഒന്നിച്ച് സ്‌ക്രീന്‍സ്‌പെയിസ് പങ്കിട്ടില്ല. ഇപ്പോൾ മലയാള സിനിമ കാത്തിരുന്ന ആ നിമിഷം എത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍സ്‌പെയിസ് പങ്കിടുന്നതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

'ലോക'യുടെ തുടര്‍ ഭാഗങ്ങളിലാണ് മമ്മൂട്ടി എത്തുക. ഇത് തനിക്ക് 14 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവര്‍ണ്ണാവസരമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റേതായി റിലീസിനൊരുങ്ങുന്ന 'കാന്ത' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്‌തമാക്കിയത്. മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

"ആലോചനകളുണ്ട്... ഒരു സിനിമയിൽ അഭിനയിക്കാന്‍ അദ്ദേഹം സമ്മതിച്ചാൽ, എനിക്കതില്‍ അഭിമാനം തോന്നും. കാരണം ഞാൻ 14 വർഷമായി സിനിമയുടെ ഭാഗമാണ്. അദ്ദേഹത്തില്‍ നിന്നും അനുമതി ലഭിച്ചാല്‍ എനിക്ക് സുവര്‍ണ്ണാവസരം ലഭിച്ചു എന്ന് തന്നെയാണ്. അദ്ദേഹത്തെ ഒരു പ്രോജക്‌ടിന്‍റെ ഭാഗമാക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ലോകയെ സംബന്ധിച്ചിടത്തോളം, സിനിമയുടെ ബജറ്റ് ഞങ്ങളുടെ പ്രാരംഭ കണക്കുകളെ കവിയുന്നതിനാൽ, അദ്ദേഹത്തെ ഇതിലേക്ക് കൊണ്ട് വരാൻ എനിക്ക് സമയം ആവശ്യമായിരുന്നു. എന്നിരുന്നാലും അദ്ദേഹം വളരെ പ്രചോദനമായിരുന്നു," ദുല്‍ഖര്‍ പറഞ്ഞു.

'ലോക ചാപ്‌റ്റര്‍ 2' വിലും മൂത്തോന്‍ എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്‌ത ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി കളക്ഷന്‍ നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ശേഷം ഒടിടിയിലും റിലീസിനെത്തിയിരുന്നു. തിയേറ്ററുകളില്‍ മികച്ച വിജയം കൊയ്‌ത ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തിയ ചിത്രത്തില്‍ നസ്‌ലനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com