
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാന്ദ്ര തോമസിന്റെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സംഘടനയിലെ ആൺമേൽക്കോയ്മയ്ക്കെതിരെ സാന്ദ്ര തോമസ് നടത്തിയ പോരാട്ടവും ശ്രദ്ധേ നേടിയിരുന്നു. ഈ വിഷയത്തിൽ മമ്മൂട്ടി ഇടപെട്ടിരുന്നുവെന്ന് സാന്ദ്ര തോമസ്. തന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി വിളിച്ച് പറഞ്ഞുവെന്നാണ് നിര്‍മാതാവ് സാന്ദ്ര തോമസ് പറയുന്നത്.
''ഇത് പറയാമോ എന്നെനിക്കറിയില്ല പക്ഷേ എന്നാലും ഞാന്‍ പറയുവാണ്, എന്നെ മമ്മൂക്ക വിളിച്ചിരുന്നു. എന്നോട് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് ഒരു മുക്കാല്‍ മണിക്കൂറോളം സംസാരിച്ചിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, "മമ്മൂക്ക... മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവരോട് പ്രതിക്കരുതെന്ന് പറയുമോ?" അതിന് ശേഷം ഞാനുമായി കമ്മിറ്റ് ചെയ്തിരുന്ന സിനിമയില്‍ നിന്ന് മമ്മൂക്ക പിന്മാറി.
നിര്‍മാതാക്കള്‍ തിയറ്ററില്‍ ഇനി എന്റെ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്നൊരു സ്റ്റാന്‍ഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു; 'ഇനി സാന്ദ്രയുടെ ഇഷ്ടം പോലെ. അതിനകത്ത് ഞാന്‍ ഇനി ഒന്നും പറയുന്നില്ല. ഇഷ്ടം പോലെ ചെയ്‌തോളൂ' എന്ന്.
ഞാന്‍ പറഞ്ഞു, ഞാന്‍ ഇവിടെത്തന്നെയുണ്ടാകും. എന്നെ ഇവിടെനിന്ന് തുടച്ചു നീക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, 'ഞാന്‍ ഇവിടെ തന്നെയുണ്ടാകും' എന്ന് ഞാന്‍ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ സിറ്റുവേഷന്‍ മനസിലാക്കണം എന്നും മമ്മൂട്ടി പറഞ്ഞു...''