

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് എക്കോ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് എക്കോ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തീയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
സന്ദീപ് പ്രദീപ്, വിനീത്, ബിനു പപ്പു, അശോകൻ, നരേൻ എന്നീ താരങ്ങൾക്കൊപ്പം മലയാളികൾക്ക് പരിചയമില്ലാത്ത താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അത്തരത്തിൽ എക്കോയിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ്, മലേഷ്യൻ മോഡലായ സിം ഷീ ഫെയ്.
ഷീ ഫെയുടെ ആദ്യ ചിത്രമാണ് എക്കോ. യങ് സോയി എന്ന മലേഷ്യൻ കഥാപാത്രമായാണ് ഷീ ഫെയ് എക്കോയിലെത്തിയത്. ഇപ്പോൾ തന്റെ കഥാപാത്രത്തെ ആരാധകർ സ്വീകരിച്ചതിന് നന്ദി പറയുകയാണ് ഷീ ഫെയ്. എക്കോയുടെ വിജയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷീ ഫെയ്.
സിനിമയുടെ സംവിധായകനും നിർമാതാവിനും അതുപോലെ ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദിയെന്നാണ് താരം പറയുന്നത്. ഈ ചിത്രത്തിൽ ഇമോഷ്ണൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് താൻ ഒരിക്കലും മറക്കില്ലെന്നും അഭിനയത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നുമാണ് നടി പറയുന്നത്. ഇത്രയും നല്ല കഴിവുള്ള അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും ഷീ ഫെയ് പറഞ്ഞു.