ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് പ്രമുഖ എന്റര്‍ടെയ്‍ൻമെന്റ് അനലിസ്റ്റുകളായ ഓര്‍മാക്സ് മീഡിയ. ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരവും മലയാളികളുടെയും പ്രിയപ്പെട്ട നായകനുമായ തെലുങ്ക് നടൻ പ്രഭാസ് ആണ്. രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയ താരം വിജയ്‍യും.
സിനിമകള്‍ നിരന്തരം ചെയ്യുന്നില്ലെങ്കിലും തുടര്‍ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിനും വിജയ്‍ക്കും കഴിയുന്നുണ്ട് എന്നതാണ് ജനപ്രീതിക്ക് അവരെ സഹായിക്കുന്നത്. 'ദ രാജാ സാബ്' ആണ് പ്രഭാസിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് പ്രഭാസ് എന്നതിനാല്‍ അദ്ദേഹം നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം ചര്‍ച്ചയാകാറുണ്ട്. മാത്രമല്ല പ്രഭാസിനെ ഇന്ത്യയാകെ ഉറ്റുനോക്കുന്നുണ്ട്. സീതാരാമത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ഹനു രാഘവപുടി പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. ഛായാഗ്രാഹണം സുദീപ് ചാറ്റർജി ഐഎസ്‍സി. 1940കളുടെ പശ്‌ചാത്തലത്തിൽ യോദ്ധാവിന്റെ കഥ പറയുന്നതാണ് 'പ്രഭാസ്- ഹനു'.
വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രം 'ജനനായകൻ' ആണ്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്.
ജനപ്രീതിയില്‍ മൂന്നാമത് ബോളിവുഡിന്റെ പ്രിയ താരം ഷാരൂഖ് ഖാനാണ്. നാലാം സ്ഥാനത്ത് അല്ലു അര്‍ജുൻ. തൊട്ടു പിന്നില്‍ അജിത് കുമാർ. തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ള നായക താരങ്ങള്‍ യഥാക്രമം മഹേഷ് ബാബു, രാം ചരണ്‍, സല്‍മാൻ ഖാൻ, അക്ഷയ് കുമാര്‍, ജൂനിയര്‍ എൻടിആര്‍ എന്നിവർ.