Amaram

മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘അമരം’ റീ-റിലീസിന്; ഇന്ത്യയിൽ പ്രദര്ശനമുണ്ടാകില്ല |Amaram

4K ഡോൾബി അറ്റ്മോസിലാണ് സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്.
Published on

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രം ‘അമരം’ റീ-റിലീസിനൊരുങ്ങുന്നു. 34 വർഷങ്ങൾക്കുശേഷമാണ് നവീകരിച്ച ഫോർ കെ പതിപ്പിലൂടെ സിനിമ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്.

ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വേൾഡ് വൈഡ് റിലീസ് ആണെങ്കിലും ഇന്ത്യയിൽ റിലീസ് ഉണ്ടായിരിക്കില്ല. ഇന്ത്യയിൽ ചിത്രത്തിന്റെ റിലീസ് ഉണ്ടായിരിക്കില്ലെന്ന് റീ-റിലീസ് പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും പല ആളുകളും കേരളത്തിലടക്കം ഈ സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുകൊണ്ടുതന്നെ മമ്മൂട്ടി ആരാധകരുടെ പക്കൽ നിന്നും നിരാശയുണർത്തുന്ന പ്രതികരണമാണ് ഉയരുന്നത്. ‘രാജമാണിക്യം’, ‘മായാവി’, ‘ബിഗ് ബി’ തുടങ്ങിയ ആഘോഷ സിനിമകളാണ് റീ റിലീസ് ചെയ്യേണ്ടതെന്നും അമരം പോലെയുള്ള സിനിമകൾക്ക് റീ റിലീസിൽ ആളെക്കൂട്ടാൻ സാധിക്കില്ലെന്നുമാണ് പലരും പറയുന്നത്. 'അമരം നല്ല സിനിമയാണെങ്കിലും റീ റിലീസ് വേണ്ട' എന്നാണ് മറ്റു ചിലരുടെ കമന്റ്. സിനിമയുടെ റീ റിലീസ് ഡേറ്റ് പുറത്തുവന്നിട്ടില്ല.

വിദേശത്തുള്ള ആളുകളെ ലക്ഷ്യം വച്ചാകും ‘അമരം’ അണിയറക്കാർ റീ-റിലീസിനെത്തിക്കുന്നത്. പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരെ ഉന്നംവച്ചാകും ഇങ്ങനെയൊരു സിനിമ തിരഞ്ഞെടുത്തതും.

1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തില്‍ ഇമോഷനല്‍ ഡ്രാമയായി എത്തിയ അമരം തിയറ്ററില്‍ വലിയ വിജയമായിരുന്നു. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനവും എക്കാലത്തെയും മികച്ച ഒന്നായി വാഴ്ത്തപ്പെടുന്നു.

Times Kerala
timeskerala.com