
വലിയ പ്രതീക്ഷയോടുകൂടി എത്തുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയിക്കാറില്ല. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ചില ചിത്രങ്ങൾ വൻ വിജയം നേടാറുമുണ്ട്. അത്തരത്തിൽ ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ഒരു ചിത്രമായിരുന്നു ‘മഹാവതാർ നരസിംഹ’. ജൂലൈ 25ന് തീയേറ്ററുകളിൽ എത്തിയ ഈ അനിമേഷൻ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ‘മഹാവതാർ നരസിംഹ’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് 12.30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും.
ക്ലീം പ്രൊഡക്ഷൻസ് നിർമ്മിച്ച ‘മഹാവതാർ നരസിംഹ’ അവതരിപ്പിച്ചത് ഹൊംബാലെ ഫിലിംസാണ്. അശ്വിൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2024 നവംബറിൽ ഗോവ ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം പിന്നീട് ജൂലൈ 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ചിത്രം എത്തിയത്.
15 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 50 നാളുകൾ കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 297.74 കോടിയാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 28 കോടിയും നേടി. അങ്ങനെ, സിനിമയുടെ ആകെ നേട്ടം 325.74 കോടിയാണ്. അതായത് ബജറ്റിന്റെ 21 മടങ്ങ് കളക്ഷനാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്.