ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് നായകനായ 'ജന നായകൻ' എന്ന ചിത്രത്തിൻ്റെ ഭാവി ഇന്ന് അറിയാം. സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്നതിനെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ജസ്റ്റിസ് പി.ടി. ആശയുടെ ബെഞ്ചാണ് രാവിലെ 10.30-ന് ഉത്തരവ് പുറപ്പെടുവിക്കുക.(Madras High Court will pronounce verdict on censor issue on Jana Nayagan movie today
കേസ് പരിഗണിക്കുന്നതിനിടെ സെൻസർ ബോർഡിൻ്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ആദ്യം ഉറപ്പുനൽകിയ ശേഷം ചിത്രം പെട്ടെന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് കോടതി ചോദിച്ചു. സമിതിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് ഏത് ഘട്ടത്തിലും ചെയർമാന് ഇടപെടാൻ അധികാരമുണ്ടെന്നാണ് സെൻസർ ബോർഡിൻ്റെ വാദം.
യഥാർത്ഥത്തിൽ ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് സെൻസർ കുരുക്കിൽപ്പെട്ട് നീണ്ടുപോയത്. കോടതി വിധി അനുകൂലമായാൽ പൊങ്കൽ പ്രമാണിച്ച് ജനുവരി 14-നോ അല്ലെങ്കിൽ ജനുവരി 23-നോ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ നീക്കം. ഹൈക്കോടതി വിധി നിർമ്മാതാക്കൾക്ക് അനുകൂലമായാലും സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ റിലീസ് വീണ്ടും വൈകിയേക്കും.