'ഡ്യൂഡി'ൽ നിന്ന് ഇളയരാജയുടെ 2 ഗാനങ്ങൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് | Dude

മാറ്റങ്ങൾ വരുത്തി വികൃതമാക്കിയാണ് പാട്ടുകൾ ഉപയോഗിച്ചതെന്ന വാദം കോടതി ശരിവച്ചു.
Madras High Court orders removal of 2 Ilayaraja songs from Dude
Updated on

ചെന്നൈ: പ്രദീപ് രംഗനാഥനും മമിത ബൈജുവും അഭിനയിച്ച 'ഡ്യൂഡ്' എന്ന സിനിമയിൽനിന്ന് ഇളയരാജയുടെ രണ്ട് പഴയ ഗാനങ്ങൾ നീക്കംചെയ്യാൻ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവിട്ടു. തന്റെ അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് കാണിച്ച് ഇളയരാജ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ നിർണായക വിധി.(Madras High Court orders removal of 2 Ilayaraja songs from Dude)

മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച് കീർത്തീശ്വരൻ സംവിധാനം ചെയ്ത 'ഡ്യൂഡ്' എന്ന സിനിമയിൽ ഇളയരാജ സംഗീതം നൽകിയ രണ്ട് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. 'പുതു നെല്ലു പുതു നാറ്റു' എന്ന സിനിമയിലെ 'കറുത്ത മച്ചാൻ' എന്ന് തുടങ്ങുന്ന ഗാനവും, 'പണക്കാരൻ' എന്ന സിനിമയിലെ 'നൂറു വറുഷം ഇന്ത മാപ്പിളയ്ക്ക്' എന്ന ഗാനവും ആണിത്.

മാറ്റങ്ങൾ വരുത്തി വികൃതമാക്കിയാണ് പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതെന്ന ഇളയരാജയുടെ വാദം കോടതി ശരിവെച്ചു. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയിൽനിന്ന് പാട്ടുകൾ നീക്കംചെയ്യാൻ ഏഴ് ദിവസം സമയം അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജനുവരി ഏഴിന് ഹർജിയിൽ വാദം തുടരും.

വാദത്തിനിടെ, പഴയ ഗാനങ്ങൾ വർഷങ്ങൾക്കുശേഷം സിനിമയിൽ ഉപയോഗിക്കുമ്പോൾ അവ കൂടുതൽ ജനകീയമാവുകയല്ലേ ചെയ്യുകയെന്ന് ഹൈക്കോടതി ഇളയരാജയോട് ആരാഞ്ഞിരുന്നു. പഴയ പാട്ടുകൾ പുതുരൂപത്തിൽ അവതരിപ്പിക്കുന്നത് എങ്ങനെയാണ് സംഗീതജ്ഞനെ ബാധിക്കുകയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

എന്നാൽ, മാറ്റങ്ങൾ വരുത്തിയതോടെ തന്റെ പാട്ടുകളുടെ ആത്മാവ് നഷ്ടമായെന്ന ഇളയരാജയുടെ പരാതി ന്യായമാണെന്ന് ബോധ്യം വന്നതായി കോടതി വെള്ളിയാഴ്ച വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com