

കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ മൂന്നു മണിക്കൂര്‍ വൈകിയെന്ന് ആരോപിച്ച് ബോളിവുഡ് താരം മാധുരി ദീക്ഷിതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. പരിപാടിയെ ഏറ്റവും മോശം എന്നു വിളിക്കാനും ചിലര്‍ മടിച്ചില്ല. എന്നാല്‍, യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയാണ് സംഘാടകര്‍.
മാധുരിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും താരം എപ്പോഴും പ്രൊഫഷണലും സമയനിഷ്ഠയുള്ള ആളാണെന്നും മുഖ്യസംഘാടകന്‍ പറഞ്ഞു. മാധുരിയുടെ യുഎസ്എ, കാനഡ പര്യടനത്തിന്റെ പ്രൊമോട്ടര്‍ ആറ്റിക് ഷെയ്ഖ്, ബോളിവുഡിന്റെ ഇതിഹാസ നടി കൃത്യസമയത്ത് എത്തിയതായി വെളിപ്പെടുത്തി. ഒരു പ്രാദേശിക പ്രൊമോട്ടറുടെ തെറ്റായ ആശയവിനിമയമാണ് വ്യാജപ്രചരണങ്ങള്‍ക്ക് അടിസ്ഥാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''മാധുരിജി എല്ലായ്‌പ്പോഴും പ്രൊഫഷണലും സമയനിഷ്ഠ പാലിക്കുന്ന ആദരണീയ വനിതയുമാണ്. ഷെഡ്യൂള്‍ ചെയ്ത പ്രകാരം രാത്രി 9:30 ന് എത്തിയ അവര്‍, 9.45നും രാത്രി 10 നും ഇടയില്‍ സ്റ്റേജില്‍ പ്രവേശിച്ചു...''; ആറ്റിക് പറഞ്ഞു.
വൈകുന്നേരം 5.30ന് നടന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് സെഷനില്‍ മാധുരി പങ്കെടുത്തതായും സംഘാടകര്‍ അറിയിച്ചു. നടിയുടെയോ ടീമിന്റെയോ കാലതാമസം ഉണ്ടായില്ലെന്നും സംഘാടകർ ആവര്‍ത്തിച്ചു.
ടൊറന്റോയ്ക്കു ശേഷം ന്യൂജേഴ്‌സി, ബോസ്റ്റണ്‍, ചിക്കാഗോ, ഹ്യൂസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് മാധുരി പോകും. ടൊറന്റോയില്‍ നടന്ന പരിപാടിക്ക് ശേഷം താരം ഇന്‍സ്റ്റാഗ്രാമില്‍ ഹൃദയകാരിയായ കുറിപ്പ് പങ്കുവച്ചു.
"മനോഹരമായ സ്വാഗതത്തിന് ടൊറന്റോയ്ക്ക് നന്ദി. ഇനി ന്യൂജേഴ്‌സിയില്‍, തുടര്‍ന്ന് ചിക്കാഗോയിലും ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും." - മാധുരി കുറിച്ചു.
മാബെന്‍ ആണ് മാധുരിയുടെ അടുത്ത ചിത്രം. ത്രിപ്തി ദിമ്രിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി ആരാധകര്‍ ആവേശപൂര്‍വമാണു കാത്തിരിക്കുന്നത്.