സിനിമ കണ്ടശേഷം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പുകഴ്ത്തി എംഎ ബേബി | Prince and Family

"വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍, അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ കാണിച്ചു തരുന്നു"
M A Baby
Published on

ദിലീപ് നായകനായെത്തിയ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഈ ചിത്രം കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് എംഎ ബേബി അഭിപ്രായപ്പെട്ടത്. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമായിരുന്നു സിപിഎം നേതാവിന്‍റെ പ്രതികരണം.

സാധാരണ ഇറങ്ങുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി കുടുംബസമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലിയെന്നാണ് ബേബി പറഞ്ഞത്. സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമ കാണുന്ന കാണികളുടെ മനസിലേക്ക് എത്തുമെന്നും വിലപ്പെട്ട ആശയമാണ് സിനിമ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കേട്ടതിനു പിന്നാലെ ഓടുന്ന പ്രവണത ഇപ്പോഴത്തെ സമൂഹത്തിനുണ്ട്. വസ്തുതാപരമല്ലാത്ത പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ചിലത് ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"വസ്തുത അറിഞ്ഞുവേണം നമ്മള്‍ എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍. അല്ലാത്തപക്ഷം അത് പലരുടെയും ജീവനെതന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന് ഈ സിനിമ കാണിച്ചു തരുന്നു. ഇതെല്ലാം കണ്ടു ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറ പ്രവത്തകര്‍ക്കും ആശംസ നല്‍കുന്നു." - എംഎ ബേബി പറഞ്ഞു.

ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി”. ദിലീപിന്റെ 150-മത്തെ ചിത്രമാണിത്. ജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിച്ചത്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com