
രാജ്യത്തെ ഏറ്റവും പരമോന്നത ബഹുമതി, ചലച്ചിത്ര പുരസ്ക്കാരം ദാദ സാഹിബ് ഫാൽക്കെ അവാർഡ് നേടി മലയാളികൾക്ക് അഭിമാനമായി മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ വെച്ച് രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ പുരസ്ക്കാരം ഏറ്റുവാങ്ങിയത്. മോഹൻലാൽ മലയാളികൾക്ക് എന്നും ഒരു വികാരമാണ്. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് രവി മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
"നിങ്ങളെന്താ എന്നോട് തർക്കിക്കാത്തത്? ഇടത് തോൾ ചെരിച്ചുള്ള ആ നടപ്പ് ആദ്യമായി അനുകരിച്ചു കാണിച്ചത് മധുവാണ്. അതുവരെ അത്ര ഗൗരവത്തോടെ കണ്ടിരുന്നില്ല മോഹൻലാലിന്റെ ആ മാനറിസം. സംസാരം നേരത്തെ തന്നെ ലാൽ ശൈലിയിലേക്ക് മാറ്റിയിരുന്നു അവൻ. രവിയേട്ടാ എന്ന വിളിയിൽ പോലുമുണ്ടായിരുന്നു ഒരു ലാലിയൻ ലജ്ജാംശം. 'ഏയ് ഞാനാ ടൈപ്പ് അല്ല ട്ടോ' എന്ന പ്രശസ്തമായ ലാൽ ഡയലോഗ് അവൻ പറഞ്ഞു കേട്ടിടത്തോളം മറ്റാരും പറഞ്ഞു കേട്ടിട്ടില്ല.
'ലാലിന്റെ ചിരി നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. 'അരച്ചിരിയാണ്. മുഴോൻ പൊറത്തേക്ക് വരില്യ. പാതി ഉള്ളിൽ തന്നെ തങ്ങി നിൽക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോൾ ആ പറഞ്ഞതിൽ കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയിൽ ലാലിനെ കാണുമ്പോൾ ശ്രദ്ധിക്കാം.
ദുഃഖ പ്രകടനവും അങ്ങനെത്തന്നെ എന്നായിരുന്നു മധുവിന്റെ വിലയിരുത്തൽ. ഉള്ളിലൊരു കരച്ചിലുണ്ടാകും. പക്ഷേ പുറത്തേക്ക് പൊട്ടിച്ചിതറില്ല. കിരീടത്തിലെ സേതുമാധവനും സദയത്തിലെ സത്യനാഥനുമെല്ലാം ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. കിഷോർ കുമാറിന്റെ പാട്ടുമായാണ് ലാലേട്ടന്റെ നിയന്ത്രിത അഭിനയത്തെ മധു താരതമ്യപ്പെടുത്തുക. 'കിഷോറേട്ടൻ ദുഃഖഗാനം പാടുമ്പോ ഉള്ളിൽ ഒരു തേങ്ങലുണ്ടാകും. പക്ഷേ പുറത്തേക്ക് ഒഴുക്കിവിടാതെ അതങ്ങനെ ഒതുക്കിപ്പിടിക്കും അയാള്. അതുപോലെയാണ് ലാലേട്ടൻ അഭിനയിക്കുക. കിഷോറേട്ടന്റെ പാട്ട് കേട്ടാൽ കരഞ്ഞുപോകും നമ്മൾ. അതുപോലെ ലാലേട്ടന്റെ അഭിനയം കണ്ടാലും..... '
ശരിയാണ്. എനിക്കും തോന്നാറുണ്ട്: മേരാ ജീവൻ കോറാ കാഗസ്, സിന്ദഗി കെ സഫർ മേ, ജീവൻ സെ ഭരീ .... ഈ പാട്ടുകളിലൊക്കെ ഉണ്ടല്ലോ ആ അടക്കിപ്പിടിച്ച ഗദ്ഗദം. പ്രമുഖ പുസ്തകശാലയിലെ മധുവിന്റെ ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം എം ജി റോഡിലൂടെ അലസമായി നടക്കേ മോഹൻലാലിനെപ്പറ്റിയാണ് അധികവും അവൻ സംസാരിക്കുക. പിന്നെ ജയേട്ടന്റെ പാട്ടുകളെക്കുറിച്ചും. കുറെയേറെ സംസാരിച്ചു കഴിഞ്ഞാൽ സ്വിച്ചിട്ട പോലെ നിന്ന് എന്റെ ചുമലുകൾ പിടിച്ചുകുലുക്കിക്കൊണ്ട് അവൻ ചോദിക്കും: 'നിങ്ങളെന്താ എന്നോട് തർക്കിക്കാത്തത് ? ഞാൻ പറയുന്നതൊക്കെ സമ്മതിച്ചു തന്നാൽ പിന്നെന്താ രസം? നിങ്ങള് മമ്മുട്ടിടെ ആളായിക്കോളൂ. ന്നാലല്ലേ ഒരു ഗുമ്മ് ഉണ്ടാവൂ...'
മമ്മുട്ടിയെ ഇഷ്ടമായിരുന്നെങ്കിലും ലാലിനെക്കുറിച്ച് മധു പറയുന്ന കാര്യങ്ങൾ ഖണ്ഡിക്കാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അല്ലെങ്കിൽ തന്നെ അന്നത്തെ ആ കാമുക ലാലിനെ, കൊച്ചുകള്ളനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാനാകുക? ലാലിന്റെ അഭിനയത്തിലെ സൂക്ഷ്മഭാവങ്ങൾ ഗവേഷകമനസ്സോടെ വിവരിക്കും മധു. യുക്തിയൊക്കെ കാറ്റിൽ പറക്കും അപ്പോൾ. നമുക്ക് യോജിക്കാം, യോജിക്കാതിരിക്കാം. ഒടുവിൽ ഒരു പ്രവചനവും: 'നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ....'
പ്രമുഖ ചലച്ചിത്ര വാരികക്ക് വേണ്ടി 'ഭരത'ത്തിന്റെ ഷൂട്ടിംഗ് കവർ ചെയ്യാൻ പോകുന്ന കാര്യം വിളിച്ചറിയിച്ചപ്പോൾ മധു പരിഭവിച്ചു: 'നിങ്ങള് വഞ്ചകനാ ട്ടോ. എന്നെക്കൂട്ടാതെ എങ്ങനെ നിങ്ങൾക്ക് ലാലേട്ടനെ കാണാൻ പോകാൻ പറ്റും?' കൊച്ചിയിലായിരുന്നു ആ സമയത്ത് മധു. ഞാൻ കോഴിക്കോട്ടും. അടുത്ത തവണയാകട്ടെ എന്ന് ആശ്വസിപ്പിച്ചപ്പോൾ അവൻ പറഞ്ഞു: 'ലാലേട്ടനെ കാണുമ്പോൾ പറയണം മൂപ്പരുടെ ഏറ്റവും വലിയ ഫാൻ ഇവിടെ ഉണ്ട് എന്ന് ....' ഷൂട്ടിംഗിനിടയിൽ നേരിട്ട് തന്നെ 'ഫാനിനോട് എന്റെ അന്വേഷണം പറയൂ' എന്നായിരുന്നു ലാലിന്റെ മറുപടി. മധുവിന്റെ ജീവിതം ധന്യം.
മധു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ കണ്ടുമുട്ടലുകൾ കുറഞ്ഞു. ഫോണിലൂടെയായി സംസാരം. ഓരോ പുതിയ മോഹൻലാൽ സിനിമകൾ റിലീസാകുമ്പോഴും വിളിക്കും അവൻ. കേട്ടറിഞ്ഞ വിശദാംശങ്ങൾ പങ്കുവെക്കും. ഏറ്റവും അവസാനം കണ്ട ലാൽ സിനിമയിലെ ഡയലോഗുകൾ അനുകരിക്കും. ആ വിളികൾ എന്നന്നേക്കുമായി നിലച്ചത് പൊടുന്നനെയാണ്; തെല്ലും നിനച്ചിരിക്കാതെ. ജീവിതത്തിന്റെ മധ്യാഹ്നവേളയിൽ ആരോടും യാത്രപോലും പറയാതെ മാഞ്ഞുപോകുകയായിരുന്നു മധു.
വിജ്ഞാൻ ഭവനിൽ രാഷ്ട്രപതിയിൽ നിന്ന് മധുവിന്റെ ലാലേട്ടൻ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ഏറ്റുവാങ്ങുന്ന ദൃശ്യം കണ്ടിരുന്നപ്പോൾ യുഗങ്ങൾക്കപ്പുറത്തു നിന്ന് ആ ശബ്ദം വീണ്ടും കാതിൽ മുഴങ്ങി. "നിങ്ങള് നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...."