

ലണ്ടനിൽവെച്ച് മമ്മൂട്ടിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് നടൻ മനോജ് കെ ജയൻ. 'മമ്മൂട്ടി ആരോഗ്യവാനായിരിക്കുന്നു' എന്ന അടികുറിപ്പോടുകൂടി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
"ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം.., പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ… ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി." - മനോജ് കെ ജയൻ കുറിച്ചു.
ബിഗ് ബി, ദ്രോണ, സുകൃതം, ചട്ടമ്പിനാട്, ഫാന്റം, വല്യേട്ടൻ, തുടങ്ങി മികച്ച ഒരുപിടി ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച രണ്ട് താരങ്ങളാണ് മമ്മൂട്ടിയും മനോജ് കെ. ജയനും.
പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘പാട്രിയറ്റിന്റെ’ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ലണ്ടനിലെത്തിയത്. ലണ്ടനിലെ ഷൂട്ടിങ് പൂർത്തിയായെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവരാണ് പാട്രിയറ്റിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഷാജി നടുവില്‍, ജിബിന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ശ്രീലങ്ക, അസര്‍ബൈജാന്‍, ഡല്‍ഹി, ഷാര്‍ജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് പാര്‍ട്ണര്‍.