

തമിഴിലെ സൂപ്പർ സ്റ്റാർ ഡയറക്ടർ ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ അരുണ്‍ മാതേശ്വരന്‍. റിപ്പോർട്ടുകള്‍ പ്രകാരം, ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവ സാന്നിധ്യമായ വാമിക ഗബ്ബിയാകും അരുണ്‍-ലോകേഷ് സിനിമയിലെ നായിക.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'ഗോദ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.
ഒരു ഗ്യാങ്സ്റ്റർ-ആക്ഷന്‍ പടമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ആദിവി സേഷിന്റെ സ്പൈ ത്രില്ലർ ചിത്രമായ 'ജി2' ആണ് വാമികയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം. 2026 മെയ് ഒന്നിന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വിനയ് കുമാർ സിരിഗിനീദി സംവിധാനം ചെയ്ത ചിത്രം, 2018ല്‍ ഇറങ്ങിയ 'ഗൂഡാചാരി' എന്ന സിനിമയുടെ സീക്വല്‍ ആണ്.
'ജി2'വിന് പുറമെ വാമിക ഗബ്ബി അഭിനയിക്കുന്ന നിരവധി തമിഴ് ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ, ആസിഫ് അലി നായകനാകുന്ന ആക്ഷന്‍ ചിത്രം 'ടിക്കി ടാക്ക'യിലും ഒരു സുപ്രധാന റോളില്‍ നടി എത്തുന്നുണ്ട്.