
ദുൽഖർ സൽമാൻ നിർമ്മിച്ച് മലയാളത്തിലെ ആദ്യത്തെ 300 കോടി ക്ലബ്ബിൽ ഇടം നേടിയ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യുടെ ഒ.ടി.ടി. റിലീസ് തിയതികൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം ഈ മാസം തന്നെ ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
കല്ല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ഈ മലയാള ചിത്രം ബോക്‌സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തിരുന്നു. ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
‘ലോക: ചാപ്റ്റർ 1: ചന്ദ്ര’ ഒക്ടോബർ 20, മുതൽ ജിയോഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിംങ് തുടങ്ങും. സാധാരണയായി, ദക്ഷിണേന്ത്യൻ സിനിമകൾ തിയേറ്റർ റിലീസിന് ശേഷം നാല് ആഴ്ചയ്ക്കുള്ളിൽ ഒ.ടി.ടി.യിൽ എത്താറുണ്ട്. എന്നാൽ, ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ തുടർന്നതിനാൽ ‘ലോക’യുടെ നിർമ്മാതാക്കൾ കൂടുതൽ സമയം കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും റിലീസ് തിയതി സംബന്ധിച്ച് അണിയറ പ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
2025 ഓഗസ്റ്റ് 28-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഏകദേശം 30 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം 300 കോടിയിലധികം രൂപ ആഗോള ബോക്‌സ് ഓഫീസിൽ നേടി റെക്കോർഡ് ഇട്ടു. മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’, ഫഹദ് ഫാസിലിന്റെ ‘ഓടും കുതിര ചാടും കുതിര’ എന്നീ ചിത്രങ്ങളുമായി ഏറ്റുമുട്ടിയ ശേഷമാണ് ‘ലോക’ ഈ വിജയം നേടിയത്.