
ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ലോക. റിലീസായി 10 ദിവസം തികയുമ്പോൾ ആഗോളതലത്തിൽ 130 കോടി രൂപയിലധികം ലോക നേടിക്കഴിഞ്ഞു. ഇന്ത്യയിൽ 72 കോടി രൂപയാണ് 10 ദിവസത്തെ കളക്ഷൻ. ഈ മാസം നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയത്. ഇതോടെ ഉത്തരേന്ത്യയിലും സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.
പത്താം ദിവസമായ ഇന്നലെ ഇന്ത്യയിൽ നിന്ന് ആകെ 9.75 കോടി രൂപ നേടി. വെള്ളിയാഴ്ച സിനിമയുടെ ആകെ കളക്ഷൻ 7.65 കോടി രൂപ ആയിരുന്നു. ഇതോടെ 10 ദിവസം പൂർത്തിയാകുമ്പോൾ സിനിമ ആകെ 72.1 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് മാത്രം നേടി. 88 ശതമാനമായിരുന്നു തീയറ്റർ ഒക്കുപൻസി. അധികമായി 365 ലേറ്റ് നൈറ്റ് ഷോകൾ കൂടി ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നിലവിൽ എമ്പുരാൻ, തുടരും എന്നീ രണ്ട് സിനിമകൾക്ക് പിന്നിൽ ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള സിനിമകളിൽ മൂന്നാം സ്ഥാനത്താണ് ലോക. നിലവിലെ സ്ഥിതി തുടർന്നാൽ ഈ രണ്ട് സിനിമകളെയും മറികടന്ന് ലോക ഒന്നാം സ്ഥാനത്തെത്തും. ആഗസ്റ്റ് 28ന് റിലീസായ സിനിമയ്ക്ക് തുടക്കം മുതൽ പോസിറ്റീവായ പ്രതികരണങ്ങൾ ലഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ സിനിമ റിലീസായി.
ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ലോക. കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ നസ്ലനും പ്രധാനവേഷത്തിലുണ്ട്. ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. സാൻഡി മാസ്റ്റർ, ചന്തു സലിം കുമാർ, ടൊവിനോ തോമസ്, വിജയരാഘവൻ തുടങ്ങി പല താരങ്ങളും സിനിമയിലുണ്ട്.